മണ്ണാർക്കാട് : തത്തേങ്ങലം മലയടിവാരത്ത് കരിങ്കുരങ്ങിനെയും മലയണ്ണാനെയും വേട്ടയാടിയ കേസിൽ ഏഴാം പ്രതിയായ പുലാമന്തോൾ വളപുരം അബ്ദുറഹ്്മാൻ (60 ) നെ വനം വകുപ്പ് അറസ്റ്റുചെയ്തു.
കഴിഞ്ഞവർഷമാണ് രണ്ടു മലയണ്ണാനെയും രണ്ടു കരിങ്കുരങ്ങിനെയും വേട്ടയാടിയ കേസിൽ വനംവകുപ്പ് 21 പേർക്കെതിരെ കേസെടുത്തത് .
ഇതിൽ 18 പേർ പിടിയിലായി. ഇനി മൂന്നു പേർ കൂടി പിടിയിൽ ആകാനുണ്ട്.
വേട്ടയാടാൻ തോക്കിന് ഉപയോഗിക്കാനുള്ള തിര എത്തിച്ചു കൊടുക്കുകയാണ് ഇയാൾ ചെയ്തിരിക്കുന്നത്. ഇയാൾക്ക് ലൈസൻസുള്ള തോക്കുണ്ട്.
ഇതിന്റെ മറവിലാണ് തിര വിൽപ്പന നടത്തുന്നത്. പ്രതിക്കെതിരെ വന്യമൃഗ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പ്രതിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി.
മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ്ജ് ആർ.സജീവ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ .കെ.രാജേഷ് ബീറ്റ് ഓഫീസർ, എസ്.ഷിജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ശേഷിക്കുന്ന പ്രതികൾക്കായി വനംവകുപ്പ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.