കണ്ണൂർ: അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ.എം. ഷാജി എംഎൽഎയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി.
നവംബർ 10 ന് കോഴിക്കോട് സബ് സോണൽ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിലുള്ളത്. കെ.എം. ഷാജിയെ കൂടാതെ 30 പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
കോഴ ആരോപണം ഉയർത്തിയ മുസ്ലിംലീഗ് മുൻ പഞ്ചായത്ത് സെക്രട്ടറി നൗഷാദ് പൂതപ്പാറയിൽ നിന്നും ഇഡി മൊഴിയെടുക്കും. കെ.എം. ഷാജി എംഎൽഎയെ ഉടൻ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
കോഴിക്കോട് സബ് സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 2014 ൽ കെ.എം. ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്.
ഇതേ കേസിൽ നിലവിൽ വിജിലൻസ് അന്വേഷണവും തുടരുന്നുണ്ട്. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, മുഖ്യമന്ത്രിക്ക് പരാതി നൽകിയ സിപിഎം നേതാവും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവൻ പദ്മനാഭൻ എന്നിവർക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്.
പ്ലസ്ടു കോഴ്സ് അനുവദിക്കാനായി കെ.എം. ഷാജി എംഎൽഎ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായെന്നാണ് വിജിലൻസ് പറയുന്നത്.
എംഎൽഎയ്ക്കെതിരേ വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് തലശേരി കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലുണ്ട്. സ്കൂളിന്റെ വരവുചെലവ് കണക്കുകൾ, നിരവധി സാക്ഷിമൊഴികൾ എന്നിവ പരിശോധിച്ചതായും വിജിലൻസ് പറയുന്നു.
എന്നാൽ രാഷ്ട്രീയപരമായി തേജോവധം ചെയ്യാൻ പാർട്ടിയിൽ നിന്നു പുറത്താക്കിയ ആളും സിപിഎമ്മും ചേർന്ന് ഉണ്ടാക്കിയതാണ് കോഴ നാടകമെന്ന് കെ.എം. ഷാജി എംഎൽഎ പറഞ്ഞു.
.