“സ്ത്രീകൾ വളരെ മോഡേണായി ജീൻസും ടോപ്പും ധരിക്കുന്നതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ എന്തിനാണ് സ്കർട്ടും ടോപ്പും ധരിക്കുന്ന പുരുഷന്മാരെ തുറിച്ചു നോക്കുന്നത്?’ മാർക്ക് ബ്രയാൻ എന്ന ആറുപത്തിയൊന്നുകാരന്റേതാണ് ചോദ്യം.
വസ്ത്രങ്ങൾക്കു ലിംഗവിവേചനം കൽപ്പിക്കുന്നത് ശരിയായ രീതിയല്ല എന്ന അഭിപ്രായക്കാരനാണ് റോബോട്ടിക്സ് എൻജിനിയർ മാനേജർകൂടിയായ മാർക്ക്.
സ്ത്രീകൾ പലപ്പോഴും പുരുഷൻമാർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ധരിക്കാറുണ്ട്. ആരും കുറ്റം പറയാറില്ല. എന്നാൽ, പുരുഷൻമാർ സ്ത്രീകൾ ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചാൽ പലരും തുറിച്ചുനോക്കും.. ഇതിനെതിരേയാണത്രേ മാർക്കിന്റെ ഒറ്റയാൾ യുദ്ധം.
പറയുക മാത്രമല്ല!
’ഓ… അഭിപ്രായം പറയാനൊക്കെ എല്ലാവർക്കും പറ്റും, ചെയ്തുകാണിക്കാനാണ് പാട്’ എന്നു പറയാൻ വരട്ടെ. കഴിഞ്ഞ നാലു വർഷമായി സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് മാർക്ക് ധരിക്കുന്നത്. വസ്ത്രം മാത്രമല്ല കേട്ടോ.
മാർക്കിന്റെ ചെരുപ്പും ബാഗും ക്ലച്ചസുമെല്ലാം സ്ത്രീകൾ ഉപയോഗിക്കുന്ന മാതൃകയിലുള്ളതാണ്. ആദ്യമൊക്കെ പലരും ഇയാൾക്കു തലയ്ക്കു നല്ല സുഖമില്ല എന്ന രീതിയിലാണ് നോക്കിയിരുന്നത്. പക്ഷേ, പിന്നെ പിന്നെ ഇതു ഭ്രാന്തല്ല ഒരു പോരാട്ടമാണെന്ന് ആളുകൾക്കു തോന്നിത്തുടങ്ങി.
മാർക്കിന്റെ ഈ വസ്ത്രധാരണശൈലി ജർമൻ സ്വദേശികൾക്ക് ഇപ്പോൾ സുപരിചിതമാണ്. മാർക്കിനെ ആദ്യമായി കാണുന്ന പലരുടെയും സംശയം അദ്ദേഹം ഒരു ട്രാൻസ്ജെൻഡർ ആണോ എന്നതാണ്. കാരണം അവരാണല്ലോ പലപ്പോഴും ഇത്തരം എതിർ വേഷങ്ങൾ ധരിക്കാറുള്ളത്.
പലരും തങ്ങളുടെ സംശയം സ്പോട്ടിൽ തീർക്കാനും മടിക്കാറില്ല. ഇത്തരം ചോദ്യങ്ങളുമായി എത്തുന്നവരോടു യാതൊരുവിധത്തിലുള്ള ഈർഷ്യയും കാട്ടാതെ ചിരിച്ചുകൊണ്ട് മാർക്ക് പറയും.
“ഞാൻ ഒരു സന്തുഷ്ടവാനായ ഭർത്താവും മൂന്നു കുട്ടികളുടെ അച്ഛനുമാണ്”. ഇതോടൊപ്പം തന്റെ വ്യത്യസ്തമായ വസ്ത്രധാരണ ശൈലിയുടെ പിന്നിലെ ഉദ്ദേശ്യവും മാർക്ക് അവരോടു വിവരിക്കും.
ഒാഫീസിലും മാറ്റമില്ല
ഓഫീസിലും വീട്ടിലും തന്റെ പോരാട്ടം തുടരുന്ന മാർക്കിന് ഏറ്റവും ഇഷ്ടമുള്ള ലുക്ക് ഫോർമലാണ്. സ്കർട്ടിനൊപ്പം ഫോർമൽ മെൻസ് ഷർട്ടുമാണ് മാർക്കിന്റെ പതിവ് ലുക്ക്.
വിമൻ ഫോർമൽ വസ്ത്രങ്ങൾ നൽകുന്ന ആത്മവിശ്വാസത്തിന്റെ തോത് വളരെ കൂടുതലാണെന്ന പക്ഷക്കാരനാണ് മാർക്ക്. ന്ധഈ വസ്ത്രങ്ങൾ നൽകുന്ന കംഫർട്ടിനെക്കാൾ എനിക്കിഷ്ടം പെൻസിൽ ഫിറ്റ് സ്കർട്ടും ഹൈഹീൽസും ചേരുന്പോഴുള്ള എലഗന്റ് ലുക്കാണ്.
മാർക്ക് പറയുന്നു. മാർക്കിന്റെ വസ്ത്രങ്ങളിൽ ഭൂരിഭാഗവും അദ്ദേഹം ഓണ്ലൈനായി വാങ്ങുന്നവയാണ്. മാർക്കിന്റെ ഇഷ്ടത്തേയും തീരുമാനത്തേയും പിന്തുണച്ചുകൊണ്ട് ഭാര്യയും ഒപ്പമുണ്ട്.
വസ്ത്രവിവേചനം!
വസ്ത്രങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ലിംഗവിവേചനത്തിനെതിരെ പോരാടണമെന്ന തീരുമാനം മാർക്ക് എടുത്തിട്ട് നാളേറെയായി. കോളജ് പഠനകാലത്തായിരുന്നു തുടക്കം.
തന്റെ അന്നത്തെ ഗേൾഫ്രണ്ടിനോടാണ് മാർക്ക് ഈ ആശയം ആദ്യമായി പങ്കുവച്ചത്. മാർക്കിന്റെ തീരുമാനത്തെ പിന്തുണച്ച പെണ്കുട്ടി പെണ്ണായി വസ്ത്രംധരിച്ച് തനിക്കൊപ്പം നൃത്തം ചെയ്യണമെന്നു മാർക്കിനോട് ആവശ്യപ്പെട്ടു.
ഈ വിശാലമായ ആശയം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി മാർക്ക് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെ ആരംഭിച്ചു. ഓരോ ദിവസത്തെയും ചിത്രങ്ങൾ തന്റെ ഫാൻസിനായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ മാർക്ക് മറക്കാറില്ല.
ഭാര്യയോടു തന്റെ തീരുമാനവും അതിനുപിന്നിലെ ഉദ്ദേശ്യവും പറഞ്ഞുവെങ്കിലും ഇത് മക്കളോട് എങ്ങനെ അവതരിപ്പിക്കുമെന്നോർത്താണ് മാർക്ക് ഏറെ വലഞ്ഞു.
ഞെട്ടിച്ച് മക്കൾ
“മക്കൾ ഈ തീരുമാനത്തോട് എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. ഒരു ദിവസം ഞാൻ അവരോടു പറഞ്ഞു അച്ഛനു സ്കർട്ടും ഷർട്ടും ധരിച്ച് ഓഫീസിലേക്കു പോകണമെന്ന് ആഗ്രഹമുണ്ട്.
അതിൽ എന്തെങ്കിലും കുഴപ്പമുള്ളതായി നിങ്ങൾക്കു തോന്നുന്നുണ്ടോ?.. അവർ പൊട്ടിത്തെറിക്കുമെന്നും ഞങ്ങൾക്ക് നാണക്കേടാകുമെന്നു പറഞ്ഞു രോഷംകൊള്ളുമെന്നുമൊക്കെയാണ് മാർക്ക് പ്രതീക്ഷിച്ചത്.
എന്നാൽ, പ്രതീക്ഷിച്ചതിൽനിന്നു വിപരീതമായി എന്റെ തീരുമാനത്തെ അവർ കൈയടിച്ചു പാസാക്കി. ആറടി ഉയരമുള്ള അച്ഛൻ അമ്മയെപ്പോലെ സ്കർട്ടും ഷർട്ടുമൊക്കെ ധരിച്ച് ഓഫീസിലേക്കു പോകുന്നത് അവർ കൗതുകത്തോടെയാണ് കണ്ടത്.
നാലു വർഷമായി
ഇപ്പോൾ നാലു വർഷമായി ഞാൻ എന്റെ വസ്ത്രധാരണം പൂർണമായി മാറ്റിയിട്ട്. ഇത്രയും നാളത്തെ എന്റെ അനുഭവത്തിൽനിന്നു ഞാൻ മനസിലാക്കിയത് ഭൂരിഭാഗം ആളുകളും മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് ആകുലപ്പെടുന്നില്ല എന്നാണ്.
അതേസമയം, തന്റെ ജോലികളിൽ വ്യാപൃതരല്ലാത്തവർ ചുറ്റുമുള്ളവരുടെ വസ്ത്രത്തെയും പ്രവർത്തികളെയും വിമർശിച്ചുകൊണ്ടേയിരിക്കും. – മാർക്ക് പറഞ്ഞു.