കോട്ടയം: കോഴി ഫാമിൽ നിന്നും 15 കിലോഗ്രാം ചനന്ദത്തടി പിടിച്ചെടുത്ത സംഭവത്തിൽ വണ്ടൻപതാൽ ഫോറസ്റ്റ് അധികൃതർ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് പാലാ കടനാട് കുറുമണ്ണിലുള്ള ഫാമിൽ ചന്ദനത്തടികൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികൾ കണ്ടെത്തിയത്. സംഭവത്തിൽ ജോസിയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
മറയൂരിൽ നിന്നു സുഹൃത്ത് വഴിയാണ് ചന്ദനത്തികൾ ഫാമിൽ എത്തിച്ചതെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ വണ്ടൻപതാൽ ഫോറസ്റ്റ് മറയൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വിവിധ ആളുകളിലുടെ കൈമാറിയാണ് ചന്ദനത്തടികൾ കുറുമണ്ണിലെ ഫാമിലെത്തിയത്. ഇതു സംബന്ധിച്ചു സൂചനകൾ ഫോറസ്റ്റ് അധികൃതർ ലഭിച്ചിട്ടുണ്ട്.
ഫാമിൽ കോഴിത്തീറ്റ ചാക്കിനൊപ്പമാണ് ചന്ദനത്തടികളും സൂക്ഷിച്ചിരുന്നത്. ഇതിനു മുന്പും വില്പന നടത്തുന്നതിനായി ചന്ദനത്തടികൾ ഫാമിൽ എത്തിച്ചിട്ടുണ്ടോയെന്നും ചന്ദനക്കടത്തിനു പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടോയെന്നുമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
പാലായ്ക്കു സമീപപ്രദേശത്തുള്ള ആർക്കെങ്കിലും വില്പന നടത്തുന്നതിനാണ് ചനന്ദത്തടികൾ ഫാമിലെത്തിച്ചതെന്നാണ് ഫോറസ്റ്റ് അധികൃതർ സംശയിക്കുന്നത്. ആർക്ക് നല്കാനാണ് സുഹൃത്ത് ചന്ദനത്തടികൾ എത്തിച്ചതെന്ന് അറിയില്ലെന്നാണ് അറസ്റ്റിലായാൾ ഫോറസ്റ്റ് അധികൃതരോട് പറഞ്ഞത്.
സുഹൃത്ത് കുറച്ച് ദിവസം സൂക്ഷിക്കണമെന്ന് മാത്രമേ തന്നോട് പറഞ്ഞിരുന്നുള്ളുവെന്നും ഇയാൾ ഫോറസ്റ്റ് അധികൃതരോട് പറഞ്ഞിട്ടുണ്ട്. വണ്ടംപതാൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.