കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 10 ലക്ഷം രൂപ കണ്ടെത്തി.
മാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പെരുവയലിലെ ബ്രാഞ്ചില്‍ നടത്തിയ പരിശോധനയിലാണ് പണവും രേഖകകളും പിടിച്ചെടുത്തത്. 18 പരാതികളാണ് മാവൂര്‍ സ്റ്റേഷനില്‍ മാത്രമായി ലഭിച്ചത്. ഇതില്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്‍സ്പക്ടര്‍ ആര്.അശോകന് പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ മാത്രം 150 പരാതികളാണ് ലഭിച്ചത്. കോഴിക്കോട് നഗരത്തില്‍ മാത്രം 100 ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റൂറല്‍ പോലീസ് പരിധിയിലും കേസെടുത്തിട്ടുണ്ട്. ചേവായൂരിലാണ് ഏറ്റവും കൂടുതല്‍ കേസുകളുളളത്.
കസബ, നടക്കാവ്, എന്നിവിടങ്ങളിലും കേസുകളുണ്ട്. അതേസമയം മാസങ്ങളോളമായി അടഞ്ഞു കിടക്കുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ കല്ലായി ശാഖയില്‍ കസബ പോലീസ് നടത്തിയ പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. 22.5 ലക്ഷം രൂപയും സ്വര്‍ണവും പിടികൂടിയിരുന്നു.
ചേവായൂരിലും നടക്കാവിലും പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഓഫീസുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും രേഖകളും ഡിജിറ്റില്‍ തെളിവുകളും മാത്രമായിരുന്നു ലഭിച്ചത്.
സംസ്ഥാന വ്യാപകമായുള്ള തട്ടിപ്പ് ആയതിനാല്‍ കേസ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമായിരുന്നു അന്വേഷിച്ചത്.
2,000 കോടി
സംസ്ഥാനത്ത് രണ്ടായിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. അഞ്ചു പ്രതികളെയും കസ്റ്റഡിയിലെടുത്തിരുന്നു.
പല തെളിവുകളും ശേഖരിക്കുകയും ചെയ്തിരുന്നു. വിദേശരാജ്യങ്ങളിലടക്കം പ്രതികള്‍ നിക്ഷേപങ്ങള്‍ നടത്തിയതിനാല്‍ അന്വേഷിക്കാന്‍ പോലീസിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്.
കേസ് സിബിഐ ഏറ്റെടുക്കുന്നതുവരെ പോലീസ് അന്വേഷണം നടത്തും. നൂറിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് സിറ്റിയില്‍ പ്രത്യേകഅന്വേഷണസംഘം രൂപീകരിക്കാനാണ് തീരുമാനം.