നിഗേഷ് ഐസക്ക്
തണുത്തു മരവിച്ച മലമുകളിലേക്കു വീണ്ടും ചൂളംവിളിയെത്തുന്പോൾ മൂന്നാറിനു പറയാൻ പഴയ കഥകൾ നിരവധി. ഒരു കാലത്ത് മൂന്നാറിന്റെ വിസ്മയമായിരുന്നു ആ തീവണ്ടിയും തീവണ്ടിപ്പാളവുമൊക്കെ.
പക്ഷേ, ആ കറുത്ത ഒരു ദിനം എല്ലാം തകർത്തു തരിപ്പണമാക്കി. പിന്നെ മൂന്നാർ ചൂളംവിളിച്ചിട്ടില്ല. പണ്ടേ കുന്നും മലയും കയറാൻ തീവണ്ടികൾക്കു മടിയാണ്. രൂപവും ഭാവവുമൊന്നും ആ കയറ്റം പിടിക്കാൻ പര്യാപ്തമല്ലെന്നതു തന്നെ കാരണം.
എന്നാൽ, എവിടെങ്കിലും മല താണ്ടി ചെന്നിട്ടുണ്ടെങ്കിൽ അതൊരു വാർത്തയും വിസ്മയവും ടൂറിസ്റ്റുകളുടെ ഹരവുമാണ്. ഒരുകാലത്ത് മൂന്നാറിനും അങ്ങനെയൊരു അഭിമാനമുണ്ടായിരുന്നു.
ഇപ്പോൾ അത്തരമൊരു കാഴ്ച കാണണേൽ ഊട്ടിയിൽ പോകണം. ഊട്ടിയിലൂടെചൂളം വിളിച്ച് കൂകിപ്പായുന്ന നീലഗിരി മൗണ്ടൻ റെയിൽവേ എത്രയോ രസമാണ് കാണാൻ.
എത്രയോ സിനിമകളിൽ ഇവ അഭിനയിച്ചുകഴിഞ്ഞു. വൈകാതെ തെക്കൻ കാഷ്മീർ എന്നു വിളിക്കപ്പെടുന്ന നമ്മുടെ മൂന്നാറും തീവണ്ടിയോടിക്കാനുള്ള തീരുമാനത്തിലാണ്. നഷ്ടപ്പെട്ടതൊക്കെ വീണ്ടും തിരിച്ചുപിടിക്കാനുള്ള ശ്രമം.
ചൂളം വിളിക്കുമോ
പച്ചപ്പട്ടണിഞ്ഞ മൂന്നാറിലെ മലനിരകൾക്കിടയിലൂടെയും സ്വപ്ന സാക്ഷാത്കാരമായി ട്രെയിൻ ഒാടുന്ന കാഴ്ചയ്ക്കായി കാത്തിരിക്കാം. കഴിഞ്ഞ ദിവസം മൂന്നാറിൽ റെയിൽവേയുടെയും ടൂറിസം ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ നടന്ന ആലോചനാ യോഗം പദ്ധതിക്കുള്ള ആദ്യ ചുവടുവയ്പായി മാറുകയാണ്.
കേരള റെയിൽ വികസന കോർപറേഷൻ അഡീഷണൽ ജനറൽ മാനേജർ സി.സി. ജോയി, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാഹുൽ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി,ഡിറ്റിപിസി സെക്രട്ടറി പി.എസ്.ഗിരീഷ്, കെഡിഎച്ച്പി മാനേജിംഗ് ഡയറക്ടർ മാത്യു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
ലോകടൂറിസം ഭൂപടത്തിൽ വർഷങ്ങൾക്കുമുന്പേ ഇടംനേടിയ മൂന്നാറിനു വലിയ പ്രതീക്ഷ പകരുന്നതാണ് ഈ പദ്ധതി. സംഗതി നടപ്പായാൽ ടൂറിസം മാപ്പിൽ മൂന്നാർ എന്ന പേരിനു തിളക്കം ഇരട്ടിയാകും.
ചില്ല് കന്പാർട്ട്മെന്റ്
കേരള റെയിൽ വികസന വകുപ്പും ടൂറിസം വകുപ്പും ചേർന്നാണ് പദ്ധതിക്കുള്ള രൂപരേഖ തയാറാക്കുന്നത്. ജില്ലാ ടൂറിസം ഡിപ്പാർട്ട്മെന്റാണ് ആശയം മുന്നോട്ടുവച്ചത്. പ്രാഥമിക ഘട്ട ആലോചനകൾ നടത്തുകയും 2019 ജൂണിൽ പരിശോധന തുടങ്ങുകയും ചെയ്തു.
തുടർന്നു പദ്ധതിയുടെ വിശദവിവരങ്ങൾ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥർക്കു കൈമാറി. ഇതിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസം റെയിൽവേ ഉദ്യോഗസ്ഥർ മൂന്നാറിലെത്തി വിശദപഠനം നടത്തിയത്.
കണ്ണൻ ദേവൻ കന്പനിയുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണു ലക്ഷ്യമിടുന്നത്. മൂന്നാർ ടൗണിലെ കെഡിഎച്ച്പി ഓഫീസിൽനിന്നു മാട്ടുപ്പെട്ടി ഫാക്ടറി വരെയുള്ള ആറു കിലോമീറ്റർ നിർമാണമാണ് ആദ്യ ഘട്ടത്തിൽ വിഭാവനം ചെയ്യുന്നത്.
മൂന്നാറിനും മാട്ടുപ്പെട്ടിക്കും ഇടയിൽ കൊരണ്ടക്കാടിൽ സ്റ്റേഷൻ നിർമിക്കും. ഡാർജലിംഗ് മാതൃകയിലാണ് നിർമാണം. യാത്രയ്ക്കിടെ പ്രകൃതി സൗന്ദര്യം നുകരാൻ സാധിക്കുന്ന വിധത്തിൽ ചില്ലു കൊണ്ടായിരിക്കും കന്പാർട്ട്മെന്റിന്റെ വശങ്ങൾ നിർമിക്കുന്നത്.
കുണ്ടളവാലി മോണോ റെയിൽ
ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച തേയിലകൃഷി മൂന്നാറിൽ പച്ചപിടിച്ചതോടെ ചരക്കുഗതാഗതവും യാത്രയും സുഗമമാക്കാൻ 1902ൽ സ്ഥാപിച്ച മോണോ റെയിലാണ് ഇപ്പോഴത്തെ പദ്ധതിക്കും ആവേശം ധൈര്യം പകരുന്നത്.
എല്ലാ പരിമിതികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ആരെയും അദ്ഭുതപ്പെടുത്തുന്ന നിർമാണ വൈഭവമാണ് അക്കാലത്ത് ബ്രിട്ടീഷുകാർ നടപ്പാക്കിയത്. തേയിലക്കൊളുന്ത്, നിർമാണ സാമഗ്രികൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ നിശ്ചിത സ്ഥലങ്ങളിൽ എത്തിക്കുന്നതിനാണ് ബ്രിട്ടീഷുകാർ മൂന്നാറിൽ മോണോ റെയിൽ സ്ഥാപിച്ചത്.
500 കാളകൾ
കൊളുന്തും മറ്റു സാധനങ്ങളും എത്തിക്കുന്നതു വെല്ലുവിളിയായി തീർന്നതോടെ കാളകളെ ഉപയോഗിക്കാനായിരുന്നു ബ്രിട്ടീഷുകാരുടെ ആദ്യ തീരുമാനം. അന്നത്തെ കന്പനിയുടെ ജനറൽ മാനേജരായിരുന്ന മൈം മൂന്നാറിലേക്ക് 500 കാളകളെ എത്തിച്ചിരുന്നു.
ഇവയുടെ പരിചരണത്തിനായി ഇംഗ്ലണ്ടിൽനിന്ന് ഒരു വെറ്ററിനറി സർജനെയും രണ്ടു അസിസ്റ്റന്റുമാരെയും കൊണ്ടുവരികയും ചെയ്തു. എന്നാൽ, പ്രതികൂല കാലാവസ്ഥ കനത്ത തിരിച്ചടിയായി. കനത്ത മൂടൽ മഞ്ഞിൽ കാളകളുടെ യാത്രതന്നെ പലപ്പോഴും മലമടക്കുകളിൽ അസാധ്യമായി മാറി.
ഇതോടെ സാധനങ്ങൾ എത്തിക്കുന്നതിനു വലിയ കാലതാമസം നേരിട്ടു. ഇതു പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചു വീണ്ടും ആലോചനയായി. അങ്ങനെയാണ് റെയിൽ ഗതാഗതം എന്ന ആശയം ഉയർന്നുവന്നത്. അങ്ങനെ മൂന്നാറിന്റെ മലമടക്കിലേക്ക് ട്രെയിൻ എത്തി. ചെറിയ പാളങ്ങളുള്ള മോണോ റെയിൽ പദ്ധതിയായിരുന്നു ഇത്.
ആവി എൻജിനിൽ പ്രവർത്തിക്കുന്ന തീവണ്ടിയാണ് ഉപയോഗിച്ചത്. ഇതോടെ മൂന്നാറിൽനിന്നുള്ള തേയില ടോപ്പ് സ്റ്റേഷൻ വഴി തമിഴ്നാട്ടിലെ കൊരങ്ങണിയിലേക്കും അവിടെനിന്ന് തൂത്തുക്കുടി തുറമുഖത്തേക്കും സുഗമമായി എത്തിക്കാനും ബ്രിട്ടീഷുകാർക്കു കഴിഞ്ഞു.
ബ്രിട്ടീഷ് വൈഭവം
ബ്രിട്ടീഷുകാരുടെ എൻജിനീയറിംഗ് വൈഭവത്തിന്റെ പ്രകടമായ തെളിവായിരുന്നു മൂന്നാറിലെ മോണോ റെയിൽ. യാത്രാക്ലേശം നേരിടുന്ന ഇളം തലമുറയ്ക്കു മൂന്നാറിലെ ഒരു നൂറ്റാണ്ട് മുന്പ് തീവണ്ടി സർവീസിസ് ഉണ്ടായിരുന്നെന്ന വാർത്ത അദ്ഭുതപ്പെടുത്തുന്നതാണ്.
സമുദ്രനിരപ്പിൽനിന്നും ആറായിരം മുതൽ എണ്ണായിരം അടി വരെ ഉയരത്തിൽ ദുർഘട പ്രദേശങ്ങൾ നിറഞ്ഞ മൂന്നാറിലെ മലനിരകൾക്കിടയിലൂടെയായിരുന്നു ട്രെയിൻ സർവീസ്.
മൂന്നാർ ടൗണിലായിരുന്നു പ്രധാന സ്റ്റേഷൻ. അവിടെനിന്നു മാട്ടുപ്പെട്ടി, പാലാർ വഴി ടോപ്പ് സ്റ്റേഷൻ വരെ എത്തുന്നതായിരുന്നു സർവീസ്. ഇന്നത്തെ അപേക്ഷിച്ചു സാങ്കേതിക സംവിധാനങ്ങളിലും
കണ്ടുപിടിത്തങ്ങളിലും മനുഷ്യൻ ഒന്നുമല്ലാതിരുന്ന കാലത്താണ് സായിപ്പുമാർ മലമടക്കിൽ റെയിൽവേ പദ്ധതി നടപ്പാക്കിയതെന്ന് ഒാർക്കണം. അതു നശിച്ചതിനു ശേഷം ഇന്നേവരെ മൂന്നാറിൽ ട്രെയിൻ ഒാടിക്കാൻ നമ്മൾക്കു കഴിഞ്ഞിട്ടുമില്ല.
എല്ലാം തകർത്തതു പ്രളയം
നിർമാണ വൈദഗ്ധ്യംകൊണ്ട് ചരിത്രത്താളിൽ ഇടംനേടിയ മൂന്നാറിലെ തീവണ്ടി സർവീസ് നാമാവശേഷമാക്കിയത് 1924ലെ മഹാപ്രളയമായിരുന്നു. മലനിരകളും മൊട്ടക്കുന്നുകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. വെള്ളം കയറി മൂന്നാർതന്നെ മുങ്ങി. ഇതോടെ ട്രെയിൻ സർവീസും പൂർണമായി നിലച്ചു.
മൂന്നാറിലെ പ്രധാന സ്റ്റേഷനു സമീപമുള്ള നിർമാണങ്ങൾ പ്രളയത്തിൽ തകർന്നു. റെയിൽ പാലങ്ങൾ ഒലിച്ചുപോയി. മലകൾ ഇടിഞ്ഞതോടെ റെയിൽപാത തന്നെ ഇല്ലാതായി.
പ്രളയമെല്ലാം കഴിഞ്ഞു സർവീസ് പുനരാരംഭിക്കുന്നതിന് ആലോചന നടത്തിയെങ്കിലും പുനർനിർമാണത്തിനുള്ള പ്രയാസങ്ങളും ഭാരിച്ച ചെലവും കണക്കിലെടുത്തു പദ്ധതി പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. പകരം ചരക്കുകൾ എത്തിക്കാൻ ഇരുന്പുവടം ഉപയോഗിച്ചുള്ള റോപ് വേ സംവിധാനം ഒരുക്കുകയും ചെയ്തു.
ചരിത്രശേഷിപ്പുകൾ
വിസ്മയം സൃഷ്ടിച്ച മലമുകളിലെ തീവണ്ടി സർവീസിന്റെ ഓർമപ്പെടുത്തലിന്റെ അടയാളമായി ചില അവശേഷിപ്പുകൾ ഇന്നും മൂന്നാറിലുണ്ട്.
അന്നു പ്രധാന സ്റ്റേഷനായിരുന്ന കെട്ടിടമാണ് നിലവിൽ കെഡിഎച്ച്പി കന്പനിയുടെ റീജണൽ ഓഫീസായി പ്രവർത്തിക്കുന്നത്. അന്നത്തെ തീവണ്ടിയുടെ ചക്രങ്ങൾ ടാറ്റാ ടീ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
ടോപ്പ് സ്റ്റേഷനിലുണ്ടായിരുന്ന റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന്റെ ഭാഗങ്ങളും ചരിത്ര സ്മരണകളുണർത്തി ഇന്നും നിലനിൽക്കുന്നു.