കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ കോഴ ആരോപണത്തില്‍ 33 മുസ്ലിം ലീഗ് നേതാക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിലേക്ക്.
കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കോഴവാങ്ങിയ സംഭവത്തിലാണ് ലീഗ് നേതാക്കളെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ലീഗ് നേതാവ് കെ.എം. ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ ഇഡി ഇന്നലെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കെ.എം. ഷാജി എംഎല്‍എയോട് ചോദ്യം ചെയ്യലിനായി അടുത്തമാസം പത്തിന് ഹാജരാകാനും നോട്ടീസ് നല്‍കിയിട്ടുണ്ട്. കെ.പി.എ. മജീദ് ഇന്നലെ വൈകിട്ട് മൂന്നിനാണ് ഇഡി ഓഫീസില്‍ എത്തിയത്. ഇരുവരുടെയും ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു.
ഷാജി കോഴ വാങ്ങിയെന്ന് ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്കിയ ലീഗ് പ്രാദേശിക നേതാവായിരുന്ന നൗഷാദ് പൂതപ്പാറയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്നും ഇത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്നുമാണ് പരാതി.
അതേസമയം കോഴ വിവാദം തെരഞ്ഞെടുപ്പ് ആയുധമാക്കാനും നീക്കം തകൃതിയാണ്. പ്രാദേശിക വിഷയമാക്കി മാറ്റി ലീഗിനെതിരേ വികാരമുണര്‍ത്താനാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്. കോഴക്കേസ് പരമാവധി വോട്ടാക്കി മാറ്റാന്‍ ബിജെപിയും ശ്രമമാരംഭിച്ചിട്ടുണ്ട്.