സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 175 ഗ്രാം സ്വര്‍ണവും 6000 സിഗരറ്റ് കാര്ട്ടണുകളുമായി യാത്രക്കാരന് പിടിയിലായി.
ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് റഫീഖില്‍ നിന്നാണ് കള്ളക്കടത്ത് പിടികൂടിയത്.
175 ഗ്രാം സ്വര്‍ണം ഹാന്ഡ്ബാഗേജിനുള്ളിലും സിഗരറ്റ് പെട്ടികള്‍ ലഗേജില്‍ നിന്നുമാണ് കണ്ടെടുത്തത്.രണ്ട് സ്വര്‍ണക്കട്ടികള്‍,രണ്ട് സ്വര്‍ണ കോയിന്, ഒരു സ്വര്‍ണച്ചങ്ങല എന്നിവയാണ് കണ്ടെടുത്തത്. സിഗരറ്റ് പെട്ടികള്‍ ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
സ്വര്‍ണത്തിന് മാത്രം 7.99 ലക്ഷം വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ വാഗീഷ് കുമാര്‍ സിംഗ്, സൂപ്രണ്ട് മനോജ്, ഇന്‍സ്പെക്ടര്‍മാരായ ടി.മിനിമോള്‍,സുരഭ്കുമാര് എന്നിവരാണ് കളളക്കടത്ത് പിടികൂടിയത്.
കരിപ്പൂരില്‍ ഇന്നലെ വഴി അനധികൃതമായി കടത്തിയ 70 ലക്ഷത്തിന്റെ 1387.5 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്.
കോഴിക്കോട് കുറ്റ്യാടി പെരുവയല്‍ വെളം പുത്തലത്ത് മജീദ് (31), മലപ്പുറം വള്ളുവമ്പ്രം സ്വദേശി അഹമ്മദ് ഇസ്ഹാക്ക് (30) എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
ദുബായില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനത്തിലെത്തിയ മജീദ് ശരീരത്തിനകത്ത് കാപ്സ്യൂള്‍ രൂപത്തിലാണ് സ്വര്‍ണ സംയുക്തം കടത്തിയത്.ഇസ്ഹാക്കില്‍ നിന്ന് 194 ഗ്രാമിന്റെ സ്വര്‍ണമാണ് കണ്ടെടുത്ത്. മൂന്ന് സംഭവങ്ങളിലായി 70 ലക്ഷം രൂപ വിലവരുന്ന 1387.5 ഗ്രാം സ്വര്‍ണമാണ് അധികൃതര്‍ കണ്ടെടുത്തത്.