ഇരിങ്ങാലക്കുട: തദ്ദേശവും നിയസഭയും തെരഞ്ഞെടുപ്പുകൾ അടുത്തിടെ നടക്കുമെന്നതിനാൽ ഈ രണ്ടു തെരഞ്ഞെടുപ്പുകൾക്കുമായി അടവും തന്ത്രവും പയറ്റുകയാണു മുന്നണികൾ.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളുടെ ബലത്തിലാണു മൂന്നു മുന്നണികളുടെയും കണക്കു കൂട്ടൽ. യുഡിഎഫും ബിജെപിയും പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ബലത്തിൽ കൂട്ടുന്പോൾ എൽഡിഎഫ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ബലത്തിലാണു കണക്കുകൂട്ടൽ.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ കഴിഞ്ഞ തവണ എൽഡിഎഫിന്റേതു ശക്തമായ വരവായിരുന്നു. ഏഴു പഞ്ചായത്തുകളും എൽഡിഎഫ് തൂത്തുവാരി.
മുന്‍പു യുഡിഎഫ് ഭരിച്ചിരുന്ന മൂന്നു പഞ്ചായത്തുകളും എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. പൂമംഗലം, വേളൂക്കര, ആളൂർ തുടങ്ങിയ പഞ്ചായത്തുകളാണ് യുഡിഎഫിനു നഷ്ടമായത്.
പൂമംഗലം പഞ്ചായത്തിൽ 13 ൽ എൽഡിഎഫ് ഒന്‍പതെണ്ണം നേടിയപ്പോൾ യുഡിഎഫിന് നാലെണ്ണത്തിൽ നിന്നു. വേളൂക്കര പഞ്ചായത്തിൽ 18 സീറ്റിൽ എൽഡിഎഫ് പത്തും യുഡിഎഫ് ഏഴും നേടിയപ്പോൾ ബാക്കിയുള്ള ഒന്ന് സ്വതന്ത്രൻ കൈവശമാക്കി.
ആളൂർ പഞ്ചായത്തിൽ 23 സീറ്റിൽ 17 ഉം എൽഡിഎഫിനൊപ്പം നിന്നു. യുഡിഎഫ് നാല് സീറ്റുനേടിയപ്പോൾ ഒന്ന് ബിജെപിയും മറ്റൊന്ന് വിമതനും നേടി.
കാട്ടൂർ പഞ്ചായത്തിൽ എൽഡിഎഫ് എട്ടും യുഡിഎഫ് ആറും സീറ്റു നേടി. കാറളം പഞ്ചായത്തിലെ 14 വാർഡിൽ എൽഡിഎഫ് പത്തും യുഡിഎഫ് രണ്ടും ബിജെപി രണ്ടും സീറ്റു നേടി.
മുരിയാട് പഞ്ചായത്തിൽ എൽഡിഎഫ് ഒന്‍പതും യുഡിഎഫ് ഏഴും ബിജെപി ഒരു സീറ്റും നേടി. പടിയൂർ പഞ്ചായത്തിലെ 14 വാർഡിൽ എൽഡിഎഫ് എട്ടും യുഡിഎഫ് നാലും ബിജെപി രണ്ടും സീറ്റു നേടി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മിക്ക പഞ്ചായത്തുകളിലും ബിജെപി അക്കൗണ്ട് തുറന്നത് ശ്രദ്ധേയമായി. മുരിയാട്, കാറളം, പടിയൂർ, ആളൂർ എന്നിവിടങ്ങളിലെല്ലാം തന്നെ ബിജെപി തങ്ങളുടെ സാന്നിധ്യം അറിയിച്ചു.
പൂമംഗലത്ത് ഒരു വാർഡിൽ ഒരു വോട്ടിനാണു ബിജെപി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. നഗരസഭയിൽ തുല്യനിലയിൽ എത്തുകയും ചെയ്തു.
എൽഡിഎഫ് അംഗത്തിന്റെ കൈപിഴയിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണു യുഡിഎഫിനു നഗരസഭ ഭരിച്ചത്. നഗരസഭയിൽ 19 സീറ്റുകൾ നേടി ഇടതുപക്ഷവും യുഡിഎഫും ഒപ്പത്തിനൊപ്പവുമായി.
2010 ലെ തെരഞ്ഞെടുപ്പിൽ 29 സീറ്റുകളായിരുന്നു യുഡിഎഫിനു ലഭിച്ചത്. കഴിഞ്ഞ തവണ നഗരസഭയിൽ ലഭിച്ചതു വെറും 19 സീറ്റ് മാത്രം. ഒന്‍പതു സീറ്റ് മാത്രമുണ്ടായിരുന്നു എൽഡിഎഫിനു 19 സീറ്റുമായി തകർപ്പൻ ജയം.
രണ്ടു സീറ്റുകളുണ്ടായിരുന്ന ബിജെപി മൂന്നു സീറ്റ് നേടി നിലമെച്ചപ്പെടുത്തുകയായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ 13 ൽ 11 ഉം, വെള്ളാങ്കല്ലൂരിൽ ഒന്‍പതും എൽഡിഎഫ് നേടി.
തെരഞ്ഞെടുപ്പു വരുന്പോൾ വ്യക്തി സ്വാധീനം വലിയ ഘടകമാണ്. എല്ലാ പാർട്ടികളും തിരക്കിട്ടു ജോലി തുടങ്ങിക്കഴിഞ്ഞു.