“വിഷം കുത്തിവച്ച് കൊല്ലണം’. 16 വർഷം മുന്പ് നടന്ന ക്രൂരമായ കൊലപാതകത്തിൽ അമേരിക്കൻ ഫെഡറൽ കോടതി അവസാനം വിധി പറഞ്ഞു.
ലിസ മോണ്ട് ഗോമറിയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. വളരെയധികം പ്രത്യേകതയുള്ള വിധിയായിരുന്നു അത്. കഴിഞ്ഞ എഴുപതു വർഷത്തിനിടെ അമേരിക്കയിൽ ആദ്യമായി മരണശിക്ഷക്ക് വിധേയമാക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ലിസ.
മനുഷ്യമനസാക്ഷി മരവിപ്പിക്കുന്ന ക്രൂരകൃത്യമാണ് ലിസ ചെയ്തത്. ഗർഭിണിയായ ഒരു യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. തീർന്നില്ല, അവളുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത് അതിനെയും കൊണ്ട് സ്ഥലം വിട്ടു!
ഇരയെത്തേടി
കാൻസസിലെ മെൽവെൺ സ്വദേശിയാണ് ലിസ. 2004ൽ സംഭവം. താൻ ഗർഭിണിയാണ് ലിസ ബന്ധുക്കളെയും സുഹൃത്തുക്കളെയും തെറ്റിധരിക്കുകയാണ് ആദ്യം ചെയ്തത്.
പിന്നീട് അവർ ഒരു ഓൺലൈൻ പരസ്യം കണ്ട് “റാറ്റർ ചാറ്റർ’ എന്ന ചാറ്റ് റൂമിലൂടെ ഗർഭിണിയായ ബോബി ജോ സ്റ്റിന്നെറ്റിനെ പരിചയപ്പെട്ടു. 23 വയസായിരുന്നു അവരുടെ അപ്പോഴത്തെ പ്രായം.
ഡാർലിൻ ഫിഷർ എന്ന വ്യാജ പേരിലാണ് ലിസ അവരുടെ മുന്നിൽ അവതരിച്ചത്. ബോബിയിൽ നിന്ന് ഒരു റാറ്റ് ടെറിയർ നായക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന ലിസ അവരുടെ വീട്ടിലെത്തി.
വടക്കുപടിഞ്ഞാറൻ മിസൗറിയിലെ സ്കിഡ്മോറിൽ ഉള്ള ബോബിയുടെ വീട്ടിലേക്ക് ചെന്ന ലിസ അവിടെ വെച്ച് അവളെ കഴുത്തു ഞെരിച്ച് കൊന്നു.
പിന്നീട് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ബോബിയുടെ എട്ടുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പുറത്തെടുത്തു. കഴിഞ്ഞ ദിവസം രാത്രി താൻ പ്രസവിച്ചതാണ് ആ കുഞ്ഞിനെയെന്നാണ് ലിസ എല്ലാവരോടും പറഞ്ഞത്.
16-ാം ജന്മദിനം
ബോബിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ലിസ പിടിയിലായി. കുഞ്ഞിനെ ജീവനോടെ വീണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
2020 ഡിസംബർ 16ന് അവൾക്ക് 16 വയസ് തികയും. ഡിസംബർ എട്ടിനാണ് ലിസയുടെ വധശിക്ഷ നടപ്പിലാക്കുന്നത്. രണ്ടു വിവാഹങ്ങൾ കഴിച്ച ലിസയ്ക്ക് രണ്ടിലും നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വന്നിരുന്നു.
നാലുകുഞ്ഞുങ്ങൾക്ക് അവൾ ജന്മം നൽകിയിട്ടുണ്ട്. പിന്നീട് പ്രസവം നിർത്തി. പ്രസവം നിർത്തൽ ശസ്ത്രക്രിയക്ക് ശേഷവും ലിസ പലവട്ടം താൻ ഗർഭിണിയാണ് എന്ന് വ്യാജമായി അവകാശപ്പെട്ടിരുന്നു.
ലിസ മോണ്ട് ഗോമറിക്ക് സ്യൂഡോസയോസിസ് എന്ന മാനസികാവസ്ഥയിരുന്നെന്നാണ് വിദഗ്ധർ പറയുന്നത്.