സെബി മാത്യു
ന്യൂഡൽഹി: ഇന്ത്യക്കകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾക്കുള്ള വീസ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണത്തിലാണ് ഇളവ്.
ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉള്ളവർക്കും പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡ് ഉള്ളവർക്കും മറ്റു വിദേശികൾക്കും ഇന്ത്യയിലേക്കു വരാമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിദ്യാർഥികൾക്ക് ഇന്ത്യക്കകത്തേക്കും പുറത്തേക്കും യാത്രയ്ക്കു തടസമില്ല. കോവിഡ് വ്യാപനം കണക്കാക്കി റദ്ദാക്കിയ എല്ലാ വീസകളും ഇനി മുതൽ പ്രാബല്യത്തിലുണ്ടാകും.
എന്നാൽ, റദ്ദാക്കിയ ഇലക്ട്രോണിക്, മെഡിക്കൽ, ടൂറിസ്റ്റ് വീസകൾക്ക് അനുമതി നൽകില്ല. വിദേശ പൗരന്മാർക്കും വിനോദ സഞ്ചാരത്തിനായി പുതിയ വീസ നൽകില്ല.
ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരണമെന്നുള്ള വിദേശ പൗരന്മാർ പുതിയ വീസയ്ക്ക് അപേക്ഷ നൽകണം.
വ്യവസായം, തൊഴിൽ, കോണ്‍ഫറൻസ്, പഠനം, ഗവേഷണം തുടങ്ങിയ കാര്യങ്ങൾക്കായി ഇന്ത്യയിലേക്കു വരുന്നവർക്ക് വീസ അനുവദിക്കും.
ടൂറിസ്റ്റ് വീസ ഒഴികെയുള്ള ഒസിഐ, പിഐഒ കാർഡ് ഉടമകൾക്കും വിദേശികൾക്കും കരമാർഗവു വ്യോമ മാർഗവും ഇന്ത്യയിലെത്താം. വന്ദേഭാരത് മിഷൻ, വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തിയ നോണ്‍ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ വിമാനങ്ങൾ എന്നിവയിലൂടെയും നിശ്ചിത തുറമുഖങ്ങളിലൂടെ കപ്പൽ മാർഗവും എത്താം.
ഇങ്ങനെ എത്തുന്നവർ ക്വാറന്റൈൻ ഉൾപ്പടെയുള്ള മാർഗനിർദേശങ്ങൾ പാലിക്കണം. എട്ടു മാസങ്ങൾ മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഒസിഐ കാർഡ് ഉള്ളവർക്കും ഇന്ത്യയിലേക്ക് വരുന്നതിനു തടസമുണ്ടായിരുന്നു.
കുടുംബാംഗങ്ങളുടെ മരണത്തിനോ അടിയന്തര ചികിത്സയ്ക്കോ വരുന്നതും ദന്പതികളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആയിരിക്കുന്നവരും ഇന്ത്യൻ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനായിരിക്കുന്നവരും ഇന്ത്യൻ പൗരത്വമുള്ള മാതാപിതാക്കളുടെ പ്രായപൂർത്തിയാകാത്ത കുടികളായ ഒസിഐ കാർഡ് ഉടമകൾക്കും മാത്രമാണ് ഇന്ത്യയിലേക്ക് വരാൻ അനുമതിയുണ്ടായിരുന്നത്.