ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്തും ലൈഫ്മിഷന് കേസും കത്തിനില്ക്കുമ്പോള് ആദായനികുതി വകുപ്പും അനധികൃതസ്വത്ത് സമ്പാദ്യം കണ്ടുപിടിക്കാന്‍ രംഗത്തിറങ്ങി.
യുണിടാക് ഉടമ സന്തോഷ് ഈപ്പന്റെ അനധികൃത സമ്പാദ്യം കണ്ടുപിടിക്കാനുള്ള ശ്രമമാണ് ആദായനികുതി വകുപ്പ് നടത്തുന്നത്. ഇതോടെ ആദായനികുതി വകുപ്പ് സ്വര്‍ണക്കടത്തു കേസിലും സജീവമാകുകയാണ്.
കുറ്റാരോപിതരായ എല്ലാവരുടെയും സമ്പാദ്യം കണ്ടുപിടിക്കാനുള്ള നീക്കം ആദായനികുതി വകുപ്പും ആരംഭിച്ചു. നിലവില്‍ ദേശീയ ഏജന്‍സികളായ എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ്, നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ, ഐബി, സിബിഐ കൂടാതെ ആദായനികുതിവകുപ്പും സജീവമായി നില്‍ക്കുകയാണ്.
കുറ്റാരോപിതരെ ഇടംവലംതിരിയാന് അനുവദിക്കാതെ മുന്നോട്ടു കേസുമായി പോകുകയാണ് ഏജന്‍സികള്‍. ഇതിനിടയിലാണ് ലൈഫ് മിഷന് കേസില്‍ പ്രമുഖരുടെ മൊഴികളില്‍ പിടിച്ചു ആദായനികുതിവകുപ്പും രംഗത്തിറങ്ങിയത്.
ലൈഫ് മിഷന് പദ്ധതിക്കു കമ്മീഷന് നല്‍കിയെന്നും എല്ലാത്തിനും പിന്നില്‍ സ്വപ്നയെന്നുമാണു യുണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി. ലൈഫ് മിഷന് കരാര്‍ ലഭിച്ചാല്‍ സ്വപ്നയടക്കമുള്ളവര്‍ക്കു 30 ശതമാനം കമ്മീഷന് നല്കാന് തുടക്കത്തില്‍ ധാരണയുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്.
യൂണിടാകുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് സന്തോഷ് ഈപ്പനെ കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.
ലൈഫ് മിഷന് പദ്ധതിക്കായി കമ്മീഷന് നല്‍കിയതായി സന്തോഷ് ഈപ്പന് നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിരുന്നു.
എല്ലാത്തിനും പിന്നില്‍ സ്വപ്നയാണെന്ന മൊഴിയാണ് ഈപ്പന് ആവര്‍ത്തിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരേയും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയേക്കും.
സന്തോഷ് ഈപ്പന്റെ ആസ്തിവിവരങ്ങളും മുമ്പ് നടത്തിയ ഇടപാടുകളെ സംബന്ധിച്ചും ആദായനികുതി വകുപ്പ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായാണ് സൂചന.
ഇതെല്ലാം പ്രാഥമിക വിവരശേഖരണം മാത്രമാണെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഈ പദ്ധതി ഏറ്റെടുക്കുന്നതിനുമുമ്പ് സന്തോഷ് മറ്റേതെങ്കിലും വലിയ പദ്ധതികള്‍ ചെയ്തിരുന്നോയെന്നും അന്വേഷണ പരിധിയിലുണ്ട്.
ആസ്തികള്‍ കണക്കാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 20 കോടിയുടെ പദ്ധതിയില്‍ അഞ്ചരക്കോടിയുടെ കോഴ ഇടപാട് നടന്നതായാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. ഈ പണം ഡോളറായി വിദേശത്തേക്കു കടത്തിയതോടെ വന്‍തോതില്‍ നികുതി നഷ്ടമുണ്ടായതും അന്വേഷണപരിധിയിലാണ്.