പാലാ: കേരളത്തിലെ ഉത്സവപറന്പുകളിലെ നിറസാന്നിധ്യമായിരുന്ന മഞ്ഞക്കടന്പിൽ വിനോദ് എന്ന ആന ചരിഞ്ഞു. മഞ്ഞക്കടന്പിൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള മഞ്ഞക്കടന്പിൽ വിനോദ് എന്ന ആന ഇന്നലെ രാത്രി 10.30നാണു ചരിഞ്ഞത്.
54 വയസുള്ള വിനോദ് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ആന തളർന്നു വീണത്. സോഡിയത്തിന്റെ കുറവുമൂലമാണ് തളർന്നു വീണത്. തുടർന്ന് ഗ്ലൂക്കോസ് നൽകിയപ്പോൾ ആന എണീറ്റിരുന്നു. തുടർന്ന് ആന തീറ്റയെടുക്കാനും മറ്റും തുടങ്ങി സുഖം പ്രാപിച്ചിരുന്നു.
ഇന്നലെ രാവിലെ മുതൽ വീണ്ടും തീറ്റയെടുക്കാൻ മടി കാണിച്ചതിനെതുടർന്ന് ഡോക്്ടർമാരുടെ സംഘമെത്തി ആനയെ പരിശോധിച്ചിരുന്നു.വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും ഫലപ്രാപ്തി ഉണ്ടാകാതെ ആന പ്രേമികളെ ദുഃഖത്തിലാഴ്ത്തി വിനോദ് യാത്രയാകുകയായിരുന്നു.
26 വർഷം മുന്പ് ചെങ്ങന്നൂരിൽ നിന്നും പാലായിലെത്തിയതാണ് മഞ്ഞക്കടന്പിൽ വിനോദ്. പരേതനായ മഞ്ഞക്കടന്പിൽ ബെന്നിയാണ് ഇവനെ പാലാ കരൂർ മഞ്ഞക്കടന്പ് തറവാട്ടിൽ എത്തിച്ചത്. ഇപ്പോൾ വിനോദ് മഞ്ഞക്കടന്പിൽ ഷാജിയുടെ സംരക്ഷണത്തിലായിരുന്നു.
തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ തിടന്പേറ്റിയിരുന്ന വിനോദ് കിടങ്ങൂർ മഹാദേവക്ഷേത്രം, കാപ്പാട്ടൂർ മഹാദേവ ക്ഷേത്രം, ചെന്പിളാവ് മഹാദേവ ക്ഷേത്രം,കരൂർ ഭഗവതി ക്ഷേത്രം, പോണാട് കാവ് ഭഗവതി ക്ഷേത്രം,
പയപ്പാർ ശ്രീധർമ്മാക്ഷേത്രം ഉൾപ്പെടെ മീനച്ചിൽ താലൂക്കിലെ ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കുറവിലങ്ങാട് പള്ളിയിലെ മൂന്നുനോന്പു തിരുനാളിനോടനുബന്ധിച്ചുള്ള ആനവായിൽ ചക്കര നേർച്ച ചടങ്ങിലെ എല്ലാവർഷത്തെയും നിറസാന്നിദ്ധ്യമായിരുന്നു വിനോദ്.
പൊതുവേ ശാന്തശീലനായിരുന്ന വിനോദ് ഈയോബിന്റെ പുസ്തകം ഉൾപ്പടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ഫോറസ്റ്റ് അധികൃതർ രാവിലെ സ്ഥലത്തെത്തി. തുടർ നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം ആനയെ മറവു ചെയ്യും.