സർപ്രൈസ് സമ്മാനങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ചില സർപ്രൈസുകൾ പൊളിയാറുമുണ്ട്.
വിവാഹത്തിനും ജന്മദിനത്തിനുമൊക്കെ അപ്രതീക്ഷിത സമ്മാനങ്ങൾ ചിലർക്കൊക്കെ ലഭിക്കാറുണ്ട്. അത്തമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.
പള്ളിയിൽ നടക്കുന്ന വിവാഹ ചടങ്ങാണ് പശ്ചാത്തലം. അൾത്താരയ്ക്ക് മുന്നിൽ നിന്ന് വിവാഹ പ്രതിജ്ഞയെടുക്കുകയായിരുന്ന വധുവും വരനും.
വൈദികനെയും വീഡിയോയിൽ കാണാം. അടുത്ത സെക്കൻഡിലാണ് വരൻ വധുവിനായൊരുക്കിയ സർപ്രൈസ് സംഭവിച്ചത്.
പെട്ടെന്ന് വിവാഹമോതിരം കൈയിലേന്തി കുറച്ചു കുട്ടികൾ വേദിയിലേക്ക് കയറിവരുന്നു. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളാണ് ഇവർ. കുഞ്ഞുങ്ങളെ കണ്ട് വധു ശരിക്കുമൊന്ന് അത്ഭുതപ്പെട്ടു.
കാരണം ഈ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ടീച്ചറാണ് വധു. മനോഹരമായി വസ്ത്രം ധരിച്ച് പൂച്ചെണ്ടുകളുമായിട്ടാണ് വിദ്യാർഥികൾ വരുന്നത്.
കളിപ്പാട്ട കാറിലും രണ്ട് വിദ്യാർഥികൾ വരുന്നുണ്ട്. കുട്ടികളെ സ്നേഹത്തോടെ ആലിംഗനം ചെയ്തുകൊണ്ടാണ് വധുവും വരനും അൾത്താരയിലേക്ക് അവരെ സ്വീകരിച്ചത്.
വധു കുഞ്ഞുങ്ങളെ കെട്ടിപിടിച്ച് ചുംബിക്കുന്നതും വീഡിയോയിലുണ്ട്.
ഇതുവരെ 50 ലക്ഷത്തിലധികം പേർ ട്വിറ്ററിൽ മാത്രം ഈ വീഡിയോ കണ്ട് കഴിഞ്ഞു. രണ്ടര ലക്ഷത്തിലധികം ലൈക്കുകളും 57,000 കമന്റുകളും വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു.