വാശിപ്പുറത്ത് പല കാര്യങ്ങളും ചെയ്യുക എന്നത് കുട്ടികളുടെ മാത്രമല്ല ചില മുതിർന്നവരുടെയും സ്വഭവമാണ്.
അൽപം ലഹരികൂടി അകത്തുണ്ടെങ്കിൽ പറയേണ്ട, ആകാശത്തിനു കീഴിലുള്ളത് മാത്രമല്ല മുകളിലുള്ള എന്തും ചെയ്യുമെന്ന ഭാവമാണ് ചിലർക്ക്. സമാനമായ സംഭവമാണ് ബ്രിട്ടനിൽ നടന്നത്.
ബ്രിട്ടീഷ് സ്വദേശിയായ റോസിയും സുഹൃത്തുക്കളും അൽപം മദ്യപിച്ചിരുന്നു. തുടർന്നു നടന്ന സംസാരത്തിനിടെയാണ് സംഭവം. വർത്തമാനത്തിനിടയിൽ വാഷിംഗ് മെഷീനുള്ളിൽ കയറിയിറങ്ങുക.
എന്നൊരു വെല്ലുവിളി ഉയർന്നു. സംഗതി എളുപ്പമല്ലേയെന്നു കരുതിയ റോസി വെല്ലുവിളി ഏറ്റെടുത്തു.
അകത്തുണ്ടായിരുന്ന ലഹരിയുടെ ധൈര്യം കൂടെയായപ്പോൾ പിന്നെ വൈകിയില്ല. വാഷിംഗ് മെഷീനിലേക്ക് റോസി കയറി. കയറിയാൽ മാത്രം പോരല്ലോ, പുറത്തിറങ്ങണമല്ലോ.
പക്ഷെ പണിപാളി, ആൾ ഡ്രൈയറിൽ കുടുങ്ങി. സുഹൃത്തുക്കളും റോസിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നെ വൈകാതെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.
താൻ ഇറങ്ങാൻ ശ്രമിച്ചപ്പോൾ കഴിയാതിരുന്നതിനെ സുഹൃത്തുക്കൾ ആദ്യം കളിയായാണ് എടുത്തതെന്ന് റോസി പറയുന്നു. എന്നാൽ തന്റെ കാലുകളും ഇടുപ്പിന്റെ ഭാഗവും അനക്കാൻ കഴിയുന്നില്ലെന്ന് മനസിലായതോടെ ഭയന്നുപോയി.
സുഹൃത്തുക്കൾ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് ഫയർഫോഴ്സിനെ വിളിച്ചത്. 20 മിനിറ്റ് റോസി കുടുങ്ങിക്കിടന്നു. റോസി വാഷിംഗ് മെഷീനകത്ത് കുടുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.
ഫയർഫോഴ്സിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ എത്രവയസുള്ള പെൺകുട്ടിയാണെന്നാണ് ആദ്യം ചോദിച്ചത്. ഇരുപത്തിയൊന്നുകാരിയാണെന്നു കേട്ടപ്പോൾ അവരും അത്ഭുതപ്പെട്ടുപോയെന്ന് റോസി പറയുന്നു.
മൂന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ചേർന്ന് റോസിയെ വാഷിംഗ് മെഷീനുള്ളിൽ നിന്ന് പുറത്തേക്കെടുക്കുന്നതിന്റെ വീഡിയോയും റോസി പങ്കുവച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നതും അവസാനം ഫയർഫോഴ്സ് രക്ഷിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണുള്ളത്.