കോണ്‍ഗ്രസിന്റെ താര മുഖങ്ങളിലൊന്നായിരുന്നു അടുത്തകാലം വരെ നടി ഖുശ്ബു. കഴിഞ്ഞയാഴ്ച അവർ കോണ്‍ഗ്രസിൽ നിന്ന് രാജിവയ്ക്കുകയും ബിജെപിയിൽ ചേരുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളിൽ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ ഖുശ്ബുവുമായി ബന്ധപ്പെട്ട് പലവിധ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതിലൊന്നാണ് ഖുശ്ബു ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാളുടെ മുഖത്തടിക്കുന്ന വീഡിയോ.
മോശമായി പെരുമാറിയ ബിജെപി പ്രവർത്തകന്റെ മുഖത്തടിക്കുന്ന ഖുശ്ബു എന്ന വാക്കുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ യഥാർഥമാണെങ്കിലും അതിനു പിന്നിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നാണ് പുറത്തു വരുന്ന വിവരം.
ഖുശ്ബു ബിജെപി അംഗത്വമെടുത്തതോടെ പലവിധ പ്രചാരണങ്ങളുണ്ടായി. അവർക്ക് വൻ ഓഫറുകൾ ബിജെപി നൽകി എന്നായിരുന്നു പ്രചാരണം.
അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാം. രാജ്യസഭാ സീറ്റ് നൽകാം., സർക്കാർ ബോർഡുകളിൽ അധ്യക്ഷ പദവി നൽകാം എന്നീ വാഗ്ദാനങ്ങളാണ് ലഭിച്ചത് എന്നാണ് വാർത്തകൾ വന്നത്.
ഖുശ്ബുവിന്റെ ബിജെപി പ്രവേശനത്തോടെ ഇല്ലാക്കഥകളും പ്രചരിക്കാൻ തുടങ്ങി. അതിലൊന്നാണ് ആൾക്കൂട്ടത്തിനിടയിൽ വച്ച് ഒരാളെ മുഖത്തടിക്കുന്ന വീഡിയോ.
ബിജെപി പ്രവർത്തകൻ ഖുശ്ബുവിന്റെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചുവെന്നും ഖുശ്ബു അയാളെ മുഖത്തടിച്ചുവെന്നുമാണ് പ്രചാരണം. ബിജെപിക്കാർ പണി തുടങ്ങി എന്നും പ്രചരിക്കുന്ന കുറിപ്പിലുണ്ട്.
പ്രചരിക്കുന്ന വീഡിയോ സത്യമാണ്. പക്ഷേ, അത് പഴയതാണ്. ഖുശ്ബു ബിജെപിയിൽ അംഗത്വമെടുത്തതിന് ശേഷമുള്ളതല്ല. 2019ൽ ബംഗളൂരുവിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയുള്ളതാണ്.
കോണ്‍ഗ്രസ്-ജെഡിഎസ് പ്രചാരണ റാലിക്കെത്തിയപ്പോൾ മോശമായി പെരുമാറിയ വ്യക്തിയെ ഖുശ്ബു മർദ്ദിച്ചത് അന്ന് തന്നെ വാർത്തയായിരുന്നു.
ആ സംഭവത്തിലെ യുവാവ് ബിജെപി പ്രവർത്തകനാണ് എന്ന് ഇതുവരെ ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. 2019 ഏപ്രിൽ 12-നുണ്ടായ സംഭവം എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
അതിലൊന്നും ബിജെപി പ്രവർത്തകനാണ് എന്ന് പറയുന്നില്ല. മാത്രമല്ല, മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള വ്യക്തിയാണ് മോശമായി പെരുമാറിയത് എന്നും പറയുന്നില്ല.
മോശമായി പെരുമാറിയ വ്യക്തിയെ അപ്പോൾ തന്നെ പിടികൂടിയിരുന്നു. ഇയാളെ താക്കീത് ചെയ്തു വിടുകയാണ് ചെയ്തത്. കേസെടുത്തിട്ടുമുണ്ടായിരുന്നില്ല.
എന്നാൽ ഈ വീഡിയോ വച്ചാണ് ബിജെപിയിൽ ചേർന്ന ശേഷം ഖുശ്ബുവിനുണ്ടായ അനുഭവം എന്ന് വ്യാജമായി പ്രചരിപ്പിക്കുന്നത്.