സന്പന്നരെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു അഞ്ച് സുന്ദരികൾ മധ്യപ്രദേശിലെ ഭോപ്പാലിൽ പറന്നിറങ്ങിയത്. സന്പന്നർ താമസിക്കുന്ന സ്ഥലങ്ങൾ ലക്ഷ്യമാക്കി ഒരു വീട് വാടകയ്ക്കു സംഘടിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
സുന്ദരികൾക്കു പിന്തുണയുമായി ആൺതുണകളും ഉണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ കണ്ടാൽ നല്ല “ബെസ്റ്റ് ഫാമിലിയെന്ന്’ തോന്നിപ്പിക്കും.
ആഷ് പോഷ് ലുക്ക്
വില കൂടിയ വാഹനങ്ങളിലായിരുന്നു കറക്കം. അണിയുന്നതാകട്ടെ വില കൂടിയ വസ്ത്രങ്ങളും. കണ്ടാൽ ഒരു ” ആഷ് പോഷ് ലുക്ക്’. വീടുകൾ സംഘടിപ്പിച്ചു കൊടുക്കുന്ന ഏജന്റിനെ സമീപിച്ചു സന്പന്നർ താമസിക്കുന്ന സ്ഥലം പറഞ്ഞ് അവിടെ ഒരു ഫ്ളാറ്റോ അപ്പാർട്ട്മെന്റോ സംഘടിപ്പിക്കണമെന്നു പറയും.
വാടക ഒരു പ്രശ്നമല്ലെന്നു പറയുന്ന ഇവർ ഏജൻസി കമ്മീഷനായി നല്ല ഒരു തുകയും നല്കും. വീടു കിട്ടിയാൽ നല്ല ഫാമിലിയായി കുറച്ചു ദിവസങ്ങളിൽ കഴിയും.
ഇതിനിടയിൽ അവിടെ താമസിക്കുന്ന വീട്ടുകാരക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. വിവരങ്ങൾ ശേഖരിച്ച ശേഷം ആളുകളെ പലതായി തരംതിരിക്കും. ബിസിനസുകാർ, സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിങ്ങനെ.
ഇതിൽ രണ്ടോ മൂന്നോ പേരെ മാത്രം ഇവർ താമസിക്കുന്ന ഏരിയയിൽനിന്നു ലക്ഷ്യം വയ്ക്കും. ഇനിയാണ് ഹണി ട്രാപ്പ് ഓപ്പറേഷൻ ആരംഭിക്കുന്നത്.
ഒാപ്പറേഷൻ തുടങ്ങുന്നു
കണ്ടാൽ ആരെയും ആകർഷിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു യുവതികൾ അവർ ലക്ഷ്യം വയ്ക്കുന്ന ഇരകളുടെ അടുത്തു ചുറ്റിപ്പറ്റി ഇടപെടും.
ഇതിനോട് ഇരകളുടെ പ്രതികരണമോ ഭാവമോ വിലയിരുത്തിയാണ് യുവതികളുടെ അടുത്ത നീക്കം. വീഴുമെന്ന് ഉറപ്പുള്ള ഇരകളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമം തുടങ്ങും. പ്രഭാത സവാരിയടക്കമുള്ള കാര്യങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും.
അഭിവാദ്യങ്ങളിൽ തുടങ്ങുന്ന സൗഹൃദ സംഭാഷണങ്ങളുടെ ടോൺ യുവതികൾ പതുക്കെ മാറ്റിത്തുടങ്ങും. ഇതിനിടയിൽ യുവതികളുടെ ആൺതുണകളായി എത്തിയവർ മെല്ലെ താമസിക്കുന്ന വീടുകളിൽനിന്നു മാറും.
ഫോൺ ചാറ്റിലേക്ക്
നേരിൽ കാണുന്പോൾ തുടങ്ങിയ സംഭാഷണങ്ങൾ ഫോൺ നന്പരുകൾ കൈമാറുന്നതിലേക്കു വളരും. പിന്നീട് ഫോൺവിളികൾ. ഇതിനിടയിൽ തന്ത്രപൂർവം ഇരയുടെ സാന്പത്തിക ഭദ്രത മനസിലാക്കും. പിന്നീട് കൂടികാഴ്ചകൾക്കു കളമൊരുക്കും.
സാധാരണ സംഭാഷണങ്ങൾ പ്രണയ ചാപല്യങ്ങളിലേക്കു കടക്കാൻ അധിക സമയം വേണ്ട. ഇര തങ്ങളുടെ വഴികളിലേക്കു വരുന്നുണ്ടെന്നു മനസിലായാൽ വീടുകളിലേക്കോ സ്റ്റാർ ഹോട്ടലുകളിലോ ക്ഷണിക്കും.
കെണി ഒരുങ്ങുന്നു
ഇതിനിടയിൽ യുവതികളുടെ ആൺ തുണകൾ ഹോട്ടൽ റൂമുകളിൽ രഹസ്യ കാമറകൾ സെറ്റ് ചെയ്യും. ഹോട്ടൽ റൂമിൽ ഇര ഇതൊന്നുമറിയാതെ യുവതിക്കൊപ്പം സമയം ചെലവിടും. ഈ ദൃശ്യങ്ങൾ ഭംഗിയായി കാമറകൾ ഒപ്പിയെടുക്കും.
പിന്നീട് രണ്ടോ മൂന്നോ സംഗമങ്ങൾകൂടി ഇങ്ങനെ നടക്കും. ദിവസങ്ങൾക്കു ശേഷം ഇരയുടെ ഫോണിലേക്കു യുവതിയുമൊന്നിച്ചുള്ള കിടപ്പറ ദൃശ്യങ്ങൾ വരുന്നു.
രാതിയിൽ നടത്തിയ പരിധിവിട്ട ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വരുന്നു.. ഇരയുടെ നഗ്നചിത്രങ്ങൾ വരുന്നു.. അങ്ങനെ ഒരു ബോംബ് സ്ഫോടനം നടന്നതുപോലെ ഇര സ്തംഭിച്ചുപോകും.
ഇനി വിലപേശൽ
ഫോണിലേക്ക് എത്തിയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തു കൈമാറാതിരിക്കാനുള്ള വില പേശലാണ് പിന്നീട്. യുവതികൾ ഇതിനകം രംഗത്തുനിന്നു മാറിയിട്ടുണ്ടാകും.
വിലപേശാൻ പുരുഷൻമാരാകും എത്തുക. ലക്ഷങ്ങളും കോടികളും ചോദിക്കും. സമൂഹത്തിലുണ്ടാകുന്ന മാനഹാനി ഓർത്തു പലരും വൻ തുക നല്കി സംഭവം ഒത്തുതീർപ്പാക്കും. കാശു കിട്ടുന്നതോടെ പുതിയ മേൽവിലാസവും പുതിയ ഇരയേയും തേടി അവർ പോകുന്നു.
നാലായിരത്തോളം ഫയൽ
രാജ്യം കണ്ട ഏറ്റവും വലിയ ഹണിട്രാപ്പ് ഒരുക്കിയത് ഇങ്ങനെയായിരുന്നു. നടന്നതാകട്ടെ മധ്യപ്രദേശിലും. സംസ്ഥാനത്തെ പല ഉന്നതരും ഉൾപ്പെട്ട ഹണിട്രാപ്പിൽ നാലായിരത്തോളം ഫയലുകളാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ലാപ്ടോപ്പിൽനിന്നും മൊബൈൽ ഫോണിൽനിന്നുമായി അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
യുവതികൾക്കൊപ്പമുള്ള പല ഉന്നതരുടെയും നഗ്നദൃശ്യങ്ങളും സെക്സ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും അടക്കമുള്ള തെളിവും അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്.
ഉന്നത പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരും സിനിമാതാരങ്ങളും മുതൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ വരെ ഈ ഹണി ട്രാപ്പ് തട്ടിപ്പിൽ കുടുങ്ങിയിരുന്നു. ഭോപ്പാൽ കേന്ദ്രീകരിച്ചായിരുന്നു ഹണിട്രാപ്പ് സംഘത്തിന്റെ പ്രവർത്തനം.
തയാറാക്കിയത്: റെൻ
(തുടരും).
നാളെ: എൻജിനിയറുടെ പരാതിയിൽ രാജ്യം ഞെട്ടി