ദിവസവും രാവിലെ ആറരയോടെ തുടങ്ങുന്ന സൈക്കിൾ യാത്ര. കഴിഞ്ഞ 60 വർഷമായി ഡോക്ടർ രാമചന്ദ്ര ദന്തേഖാറിന്റെ പതിവ് ശീലമാണിത്. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂർ ജില്ലയിലാണ് 87 കാരനായ ഡോക്ടർ രാമചന്ദ്ര ദന്തേഖാർ താമസിക്കുന്നത്.
വ്യായാമത്തിനായിട്ടല്ല ഡോക്ടറുടെ ഈ സൈക്കിൾ യാത്ര. ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാത്ത വിദൂര ഗ്രാമങ്ങളിൽ ഓരോ വീടുകളിലുമെത്തി ചികിത്സ നൽകുകയാണ് ഇദ്ദേഹം. കണ്ണടയും ചെരിപ്പുകളൊന്നും ഉയോഗിക്കാറില്ല.
സൈക്കിളിൽ രണ്ടു സഞ്ചികൾ കാണും. ഇതിൽ മരുന്നുകളും പരിശോധന ഉപകരണങ്ങളുമാണ് ഉണ്ടാവുക. പരിശോധനങ്ങൾക്കു ശേഷം ഉച്ചയ്ക്ക് ഒന്നോടെ തിരികെ വീട്ടിലെത്തും.
ആവശ്യമെങ്കിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും പോകും. അടുത്തുള്ള വീടുകളിൽ നടന്നാണ് ഡോ. രാമചന്ദ്രനെത്തുക. പത്തു കിലോമീറ്റർ പരിധിയിലാണെങ്കിൽ സൈക്കിളിൽ. കുറച്ചധികം ദൂരമുണ്ടെങ്കിൽ ബസിൽ പോകും.
ഫീസ് ചോദിച്ചുവാങ്ങുന്ന ശീലമൊന്നും ഡോക്ടർക്കില്ല. ആരെങ്കിലും ഫീസ് നൽകിയാൽ വാങ്ങുമെന്ന് മാത്രം. മുൻപ് ഗ്രാമങ്ങളിൽ തന്നെ ഒന്നും രണ്ടും ദിവസം താമസിച്ച് ചികിത്സ നൽകാറുണ്ട്.
എന്നാൽ ഇപ്പോൾ പ്രായമായതിനാൽ താമസിക്കാറില്ല. ചന്ദ്രപ്പൂർ ജില്ലയിലെ മുൾ, പൊംബുർന, ബല്ലാർഷ താലൂക്കുകളിലാണ് ഡോക്ടറുടെ സേവനങ്ങൾ.