കാട്ടാക്കട: ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ മർദിച്ച് സ്വർണമാലയുമായി കടന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. കാട്ടാക്കട ശ്രീകൃഷ്ണപുരം റോഡിൽ കുളത്തിന് സമീപത്താണ് സംഭവം.
കാട്ടാക്കട പുലിയൂർകോണം രാഹുൽ നിവാസിൽ ബിന്ദുവിന്റെ സ്വർണ മാലയാണ് ഇരുചക്ര വാഹനത്തിലെത്തിയ ആൾ നെഞ്ചിലും മുതുകിലും മർദിച്ച ശേഷം പൊട്ടിച്ചു കടന്നത്.മൂന്നര പവൻ തൂക്കമുള്ള സ്വർണമാലയും രണ്ടു ലോക്കറ്റും ഉൾപ്പെടെ കള്ളൻ കൊണ്ടുപോയി.
കാട്ടാക്കട ഭാഗത്തു നിന്നും ശ്രീകൃഷ്ണപുരം റോഡിലൂടെ അമ്പലക്കുളത്തിന് സമീപം എത്തിയപ്പോഴാണ് എതിർദിശയിലൂടെ പാഞ്ഞു വന്ന ഇരുചക്ര വാഹനം ബിന്ദുവിന്റെ അരികിൽ നിർത്തിയ ശേഷം സംശയം ചോദിക്കുകയും തുടർന്ന് മർദിച്ചതിനുശേഷം സ്വർണമാല പൊട്ടിച്ചു കടക്കുകയും ചെയ്തത്.
സമീപത്തെ സ്ഥാപനത്തിലെ സുരക്ഷാ കാമറയിൽ കള്ളന്റെ ദ്യശ്യം പതിഞ്ഞിട്ടുണ്ട്. യുവതിയെ പിന്തുടർന്നു വന്ന കള്ളൻ ഇവരെ കടന്നുപോയ ശേഷം തിരികെ എത്തിയാണ് കൃത്യം നിർവഹിച്ചത് എന്നു സി സി ടിവി ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രതി ധരിച്ചത് നീല ഷർട്ടും വെള്ള ഹെൽമറ്റുമാണ്. കാട്ടാക്കട പോലീസിൽ പരാതി നൽകിയിട്ടുണ്ട്.