ആലുവ: ഓൺലൈൻ വഴി വ്യാജ വിലാസം നിർമിച്ച് കൊറിയറിൽ സ്വർണം വരുത്തിച്ച് മോഷണം നടത്തിയ കൊറിയർ കമ്പനിയിലെ ജീവനക്കാരൻ അറസ്റ്റിൽ.
കണ്ണൂർ അഴീക്കോട് സലഫി മുസ്ലിം പള്ളിക്ക് സമീപം പി.സി. ലൈനിൽ സന്ദീപ് (31) ആണ് ആലുവ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.ആലുവ തായിക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന ഡൽഹി വെറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊറിയർ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ഇയാൾ.
വ്യാജ വിലാസം നിർമിച്ച് അതിലേക്ക് സ്വർണം ഓർഡർ ചെയ്ത് വരുത്തുകയും കമ്പനി അയച്ച പാക്കറ്റ് എത്തുമ്പോൾ ഇയാൾ പായ്ക്കറ്റ് തുറന്ന് സ്വർണം എടുക്കുകയും ചെയ്യുന്നതായിരുന്നു തട്ടിപ്പിന്റെ പതിവ്.
തുടർന്ന് കവർ ഒട്ടിച്ചശേഷം അഡ്രസിൽ ആളില്ലെന്നു പറഞ്ഞ് തിരിച്ചയക്കും. അങ്ങനെ തിരിച്ചത്തിയ പായ്ക്കറ്റുകൾ ബാംഗ്ലൂരിലെ കമ്പനി സ്കാൻ ചെയ്തപ്പോഴാണ് പായ്ക്കറ്റിനകത്ത് സ്വർണം ഇല്ലെന്ന് മനസിലായത്. തുടർന്ന് ആലുവ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം ആലുവ ഡിവൈഎസ്പി ജി. വേണുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ആറു ലക്ഷത്തോളം രൂപയുടെ 10 സ്വർണ ഉരുപ്പടികളാണ് മോഷ്ടിച്ചത്. സംഭവം നടന്ന ശേഷം സന്ദീപ് ഒളിവിലായിരുന്നു. ഇൻസ്പെക്ടർ പി.എസ്. രാജേഷ്, എസ്ഐ വി.കെ. രവി, എഎസ്ഐ മാരായ എം.കെ.ബിജു, ഇക്ബാൽ, സിപിഒ ദിലീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.