കാഞ്ഞാർ: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദന്പതികൾ പറഞ്ഞ കഥ വിശ്വാസത്തിലെടുക്കാതെ പോലീസ്.
സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് തയാരെടുക്കുകയാണ് കേസ് അന്വേഷിക്കുന്ന കാഞ്ഞാർ പോലീസ്. ഇതിനായി ആശുപത്രിയിൽ കഴിയുന്ന അമ്മയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും.
നവജാത ശിശുവിനെ തൊടുപുഴ പന്നിമറ്റത്തെ അനാഥാലയത്തിനു മുന്നിൽ ഉപേക്ഷിച്ച കേസിൽ കോട്ടയം അയർക്കുന്നം തേത്തുരുത്തിൽ അമൽ കുമാർ (31),ഭാര്യ അപർണ (26) എന്നിവരെയാണ് ഇന്നലെ കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തത്.
പെരുവന്താനം സ്വദേശിയിൽ അപർണയ്ക്കുണ്ടായ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പോലീസിനോട് ഇവർ പറഞ്ഞത്. ഇയാൾ രണ്ടു മാസം മുൻപ് ജീവനൊടുക്കിയെന്നും ഇവർ പറഞ്ഞിരുന്നു.
എന്നാൽ പെരുവന്താനത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ ഒരാളെകുറിച്ച് സൂചന ലഭിക്കാത്ത സാഹചര്യത്തിലാണ് അപർണയെ കൂടുതൽ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്.
ഇവർ നൽകിയ മൊഴി പ്രകാരം പോലീസ് പറയുന്നത്. അമൽ കുമാർ അപർണ ദന്പതികൾക്ക് രണ്ട് വയസായ ഒരു കുട്ടിയുണ്ട്.
ഇതിനിടെ കുടുംബവഴക്കിനെ തുടർന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നു. ഇടയ്ക്ക് അപർണ വീണ്ടും ഗർഭിണിയായി. രണ്ട് വയസുള്ള കുട്ടിയുള്ളതുകൊണ്ട് ഭാര്യയെ ഉപേക്ഷിക്കാനും ഒന്നിച്ച് ജീവിക്കാനും പിന്നീട് രണ്ടു പേരും തീരുമാനിച്ചു.
പെരുവന്താനം സ്വദേശിയാണ് ഗർഭത്തിന്റെ ഉത്തരവാദിയെന്നും അയാൾ ജീവനൊടുക്കിയെന്നുമാണ് ഭർത്താവിനോട് അപർണ പറഞ്ഞിരുന്നത്.
കുട്ടിയുണ്ടാകുന്പോൾ അനാഥാലയത്തിൽ ഏല്പിച്ചതിനു ശേഷം ഒന്നിച്ച് താമസിക്കാമെന്നും ഇവർ തമ്മിൽ തീരുമാനിച്ചു.
ഞായറാഴ്ച പുലർച്ചെ അപർണയ്ക്ക് പ്രസവവേദനയുണ്ടാകുകയും സുഹൃത്തിന്റെ വാഹനത്തിൽ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകും വഴി വാഹനത്തിൽ പ്രസവിക്കുകയും ചെയ്തു.
പന്നിമറ്റത്ത് എത്തിയ ഇവർ സ്വകാര്യ വ്യക്തിയുടെ വീടിന് മുന്പിൽ വാഹനം നിർത്തി അനാഥാലയത്തിലേയ്ക്കുള്ള വഴി തിരക്കിയ ശേഷം കടയിൽ നിന്ന് വാങ്ങിയ കത്രിക ഉപയോഗിച്ച് തിരിച്ച് പോയി വാഹനത്തിലെ രക്തം കഴുകി കളയുകയും വസ്ത്രം മാറുകയും ചെയ്തു.
ഞായറാഴ്ച കുഞ്ഞിനെ കണ്ടെത്തിയ ശേഷം സിസിടിവി ദൃശ്യം നോക്കി വാഹന നന്പർ മനസിലാക്കിയ പോലീസ് കോട്ടയത്തെത്തി വാഹന ഉടമയെ കണ്ടെത്തി. തുടർന്ന് ഇയാൾ നൽകിയ വിവരമനുസരിച്ച് ദന്പതികളെ അറസ്റ്റു ചെയ്തു.
ഒന്നിച്ച് ജീവിക്കാനാണ് കുഞ്ഞിനെ ആരുമറിയാതെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. അപർണയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആരോഗ്യ നില മെച്ചപ്പെട്ടാൽ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് എസ്ഐ പി.ടി.ബിജോയി പറഞ്ഞു. അമൽ കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.