മധ്യപ്രദേശിലെ ഒരു ഉൾഗ്രാമത്തിലെ യുവതിയായിരുന്നു മോണിക്ക യാദവ്. പ്ലസ് ടു ഉന്നത മാർക്കോടെ വിജയിച്ചു. ഇതിനിടയിൽ നഗരത്തിലെ ഏതെങ്കിലും കോളജിൽ ചേർന്ന് ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ചു.
അഡ്മിഷനു വേണ്ടിയാണ് ഹണിട്രാപ്പ് സംഘത്തലൈവി ശ്വേതാ സ്വപ്നിയാൽ ജെയിനുമായി ബന്ധപ്പെട്ടത്. തുടർന്നു കോളജിൽ അഡ്മിഷൻ കിട്ടി. പഠനത്തിന്റെ ആദ്യനാളുകളിൽ കുഴപ്പങ്ങളില്ലായിരുന്നു. ഭോപ്പാലിലെ പ്രശസ്തമായ കോളജിലായിരുന്നു അഡ്മിഷൻ.
അതിനാൽ സന്പന്നമായ രീതിയിലായിരുന്നു കോളജ് ജീവിതവും. ഇതിനുള്ള സാന്പത്തിക സഹായം നല്കിയതും ശ്വേതയായിരുന്നു. പിന്നെ, മോണിക്ക യാദവിനു ശ്വേത നല്കുന്ന സാന്പത്തിക സഹായം കുറഞ്ഞുവന്നു.
ഇതിനിടയിൽ ശ്വേതയുമായി ബന്ധപ്പെട്ടപ്പോൾ ചില കാര്യങ്ങളിൽ സഹായിച്ചാൽ പണം നല്കാമെന്നായിരുന്നു മറുപടി. ആദ്യം മോണിക്ക സമ്മതിച്ചില്ലെങ്കിലും പണത്തിന്റെ ആവശ്യം കൂടിക്കൂടി വന്നതോടെ ശ്വേതയുടെ പ്രലോഭനത്തിൽ വീണു. ഇതായിരുന്നു മോണിക്ക യാദവ് പോലീസിനു നല്കിയ മൊഴി.
അഞ്ചു സ്ത്രീകൾ
മധ്യപ്രദേശിലെ ഇൻഡോറിൽ വച്ചാണ് അഞ്ചു സ്ത്രീകളെയും ഒരു പുരുഷനെയും ഹണിട്രാപ്പ് കേസിൽ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
ആരതി ദയാൽ (29), മോണിക്ക (18), ശ്വേതാ വിജയ് ജെയിൻ( 38), ശ്വേതാ സ്വപ്നിയാൽ ജെയിൻ (48), ബർഖ സോണി( 34), ഓം പ്രകാശ് കോറി( 45) എന്നിവരാണ് അറസ്റ്റിലായത്. ഒളികാമറകൾ, കണക്കിൽപ്പെടാത്ത പണം, മൊബൈൽ ഫോണുകൾ, ആഡംബര വാഹനങ്ങൾ എന്നിവ ഇവരിൽനിന്നു പിടിച്ചെടുത്തിരുന്നു.
നാല്പതോളം യുവതികൾ
18 വയസ് മുതൽ 48 വയസുവരെയുള്ള യുവതികളായിരുന്നു ഹണി ട്രാപ്പ് സംഘത്തിലുണ്ടായിരുന്നത്. നാല്പതോളം യുവതികളെ ഉപയോഗിച്ചായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
അച്ഛന്റെ പ്രായമുള്ളവരുമായും ഇക്കാര്യത്തിൽ ഇടപാടു നടത്തിയിണ്ടെന്നു ശ്വേത പറഞ്ഞു. കോളജ് വിദ്യാർഥിനികളായ 24 പെൺകുട്ടികളെ പുരുഷൻമാർക്കൊപ്പം കഴിയാൻ നിയോഗിച്ചിരുന്നതായി ശ്വേത ജെയിൻ പോലീസിനു മൊഴി നൽകി.
കോളജ് വിദ്യാർഥിനികളെ ഉപയോഗിച്ച് ഉന്നത ഉദ്യോഗസ്ഥരെ കുടുക്കി വമ്പൻ കമ്പനികൾക്കു കരാർ നേടികൊടുക്കുക വഴി ശ്വേതയും മറ്റൊരു പ്രതി ആരതി ദയാലും വലിയ കമ്മീഷൻ നേടിയെടുത്തിരുന്നു.
ജോലിക്കും ട്രാപ്
ഇതിനൊപ്പം ചില സർക്കാർ തസ്തികകളിൽ കയറി പറ്റാൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും പെൺകുട്ടികളെ കാഴ്ചവച്ചും ബ്ലാക്ക് മെയിലിംഗ് നടത്തി.
ഇടപാടുകാരായി ഉന്നത ഉദ്യോഗസ്ഥർ കൂടിയതോടെയാണ് ഇവർ കോളജ് വിദ്യാർഥിനികളെ തങ്ങളുടെ സംഘത്തിൽ ചേർക്കാൻ തുടങ്ങിയത്.
കോടികൾ മറിയുന്ന സർക്കാർ കരാറുകൾ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുടുക്കാൻ രണ്ട് ഡസനോളം കോളജ് വിദ്യാർഥിനികളെ രംഗത്തിറക്കിയതായും ശ്വേത സമ്മതിച്ചു.
കോളജ് കേന്ദ്രീകരിച്ചായിരുന്നു പെൺകുട്ടികളുടെ റിക്രൂട്ട്മെന്റ്. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ പെൺകുട്ടികളെ കോളജിൽ സൗജന്യമായി അഡ്മിഷൻ നല്കാമെന്നു പറഞ്ഞാണ് ഹണിട്രാപ്പ് സംഘത്തിലേക്കു റിക്രൂട്ട് ചെയ്തിരുന്നത്.
ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതർക്കു മുമ്പിലെത്തിച്ചതെന്ന് അവർ പോലീസിനോടു കുറ്റസമ്മതം നടത്തി.
ഹണി ട്രാപ്പിൽ പിടിയിലായ പ്രതികളുടെ ഫോണുകളിൽനിന്നും ലാപ്ടോപിൽനിന്നും ആയിരക്കണക്കിനു വഴിവിട്ട ചാറ്റുകളും വീഡിയോ ദൃശ്യങ്ങളുമാണ് പോലീസിനു ലഭിച്ചത്. എല്ലാം പെൺകുട്ടികളും പ്രമുഖരുമായുള്ള കിടപ്പറ രംഗങ്ങളും ചാറ്റുകളുമാണ്.
വിലാസം മാറ്റും
സമ്പന്നനായ ഒരു വ്യക്തിയെ ട്രാപ്പിലാക്കി ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടിയാൽ ഉടൻതന്നെ ഇവർ മറ്റൊരു സ്ഥലത്തേക്കു താമസം മാറും. ഇതുമൂലം ഇരയായ വ്യക്തിക്ക് സംഘത്തിൽപ്പെട്ടവരെ കണ്ടെത്താൻ പോലും സാധിക്കില്ല.
സമ്പന്നർ മാത്രം താമസിക്കുന്ന കോളനികളിലാകും മിക്കപ്പോഴും വാടക വീടുകൾ സംഘടിപ്പിക്കുക. അതിനാൽത്തന്നെ അധികമാരുടെയും ശ്രദ്ധയോ ഇടപെടലോ ഇല്ലാതെ താമസിക്കാനും ഈ സംഘത്തിനു കഴിഞ്ഞിരുന്നു.
ഇൻഡോറിൽനിന്ന് അറസ്റ്റിലായ തട്ടിപ്പ് സംഘം മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലായിരുന്നു താമസം. സമ്പന്നരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസായികളുമൊക്കെയായുള്ള കൂടിക്കാഴ്ചകൾക്കു സഹായകമായതിനാലാണ് ഇവിടെ താമസം തുടങ്ങിയത്.
സന്പന്നരുടെ കോളനികളിൽ പലപ്പോഴും ഒാരോരുത്തരും അവരവരുടെ കാര്യം മാത്രം നോക്കി ജീവിക്കുന്നവരായതിനാൽ ഇവരുടെ തട്ടിപ്പുകൾ ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല.
(തുടരും)
തയാറാക്കിയത്: റെൻ
നാളെ: ഇടപാടുകൾ നടക്കുന്നതു പ്രത്യേക സ്ഥലങ്ങളിൽ.