ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ റബിന്‍സ് കെ. ഹമീദിനെ കസ്റ്റഡിയില്‍ കിട്ടിയതോടെ തീവ്രവാദബന്ധം തെളിയിക്കാന്‍ കഴിയുമെന്ന നിഗമനത്തില്‍ എന്‍ഐഎ.
കോണ്‍സുലേറ്റിലെ നയതന്ത്രപ്രതിനിധികളെ സംരക്ഷിച്ചുകൊണ്ട്, സ്വര്‍ണക്കടത്ത് കേസന്വേഷണവുമായി യുഎഇ സഹകരിക്കുന്നതിന്റെ സൂചനയാണു മുഖ്യപ്രതി റബിന്‍സിന്റെ നാടുകടത്തലെന്നും എന്‍ഐഎ വിലയിരുത്തുന്നു.
തീവ്രവാദ ബന്ധമുള്ള ഏതാനും പേരുമായി റബിന്‍സിന് അടുത്ത ബന്ധമുണ്ട്. അതിനാല്‍ ഇയാള്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്നാണ് എന്‍ഐഎ വിലയിരുത്തല്‍.
യുഎഇയിൽ നാല് പ്രതികൾക്കൂടി
2019 ജൂലൈ മുതല്‍ കഴിഞ്ഞ ജൂണ്‍ 30 വരെ 23 തവണയായി 230 കിലോ സ്വര്‍ണമാണ് നയതന്ത്രചാനലിലൂടെ കടത്തിയത്. പണമൊഴുക്കിയതിന്റെ വഴികള്‍ കണ്ടെത്തിയാലേ സ്വര്‍ണക്കടത്തില്‍ ഭീകര വിരുദ്ധനിയമം നിലനിർത്താൻ സാധിക്കുകയുള്ളു.
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട നാലു പ്രതികള്‍ കൂടി യുഎഇയിലുണ്ട്. ഫൈസല്‍ ഫരീദ്, സിദ്ദുഖുള് അക്ബർ, അഹമ്മദ് കുട്ടി, രാജു എന്നിവരാണ് യുഎഇയിലുള്ളത്.
സഹകരിക്കാതെ റബിൻസ്
തീവ്രവാദബന്ധത്തിനൊപ്പം സ്വര്‍ണക്കടത്തില്‍ ഏറ്റവും സ്വാധീനമുള്ള ദാവൂദ് അല്‍ അറബി എന്ന വ്യവസായിയെക്കുറിച്ചും എൻഐഎയ്ക്കു കൂടുതൽ അറിയേണ്ടതായുണ്ട്. റമീസിന്റെ മൊഴിയിലാണ് ഇയാളെ കുറിച്ചുള്ള വിവരണമുള്ളത്.
പ്രാഥമിക ചോദ്യം ചെയ്യലുമായി റബിന്‍സ് സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. ഇയാളില്‍നിന്നു പിടിച്ചെടുത്ത മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റു തെളിവുകളും കോടതിയില്‍ ഹാജരാക്കി.