സംസ്ഥാനത്ത് അവയവ തട്ടിപ്പ് മാഫിയ പിടിമുറുക്കുന്നതായി പോലീസ്. എട്ട് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് അയ്യായിരത്തിലധികം അവയവ തട്ടിപ്പുകള്‍ നടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
സര്‍ക്കാര്‍ പദ്ധതിയാണെന്നു നിര്‍ധനരെ തെറ്റിദ്ധരിപ്പിച്ചാണ് അവയവ മാഫിയ കോടികളുടെ തട്ടിപ്പു നടത്തിയതെന്നും സംശയമുണ്ട്.
അവയവം സ്വീകരിച്ചവരില്‍ നിന്ന് 60 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ഈടാക്കിയ സംഘം അവയവദാതാക്കള്‍ക്ക് 10 ലക്ഷം രൂപ മാത്രമാണു നല്‍കിയതെന്നും ബാക്കി തുക സ്വന്തമാക്കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഏജന്റുമാര്‍, ചില ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും സംഘത്തിന്റെ ഏജന്റുമാര്‍ നിരീക്ഷണത്തിലാണെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു.
ഏറ്റവുമധികം തട്ടിപ്പ് നടന്നത് തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചാണ്. വൃക്ക, കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിവയുടെ പേരിലായിരുന്നു ഇതില്‍ മിക്കവയും.
നിയമവിരുദ്ധ അയവ മാറ്റം നടക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു റിപ്പോര്‍ട്ട് നല്‍കിയത്.
തൃശൂര്‍ ഡിഐജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദര്‍ശനനാണു കേസ് അന്വേഷിക്കുന്നത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്നാണു സൂചന.
വൃക്ക വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ ബംഗളുരുവില്‍ അറസ്റ്റിലായ വിദേശികള്‍ക്ക് കേരളത്തിലെ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്.
പ്രമുഖ ഡോക്ടര്‍മാരുടെ പേരുപയോഗിച്ചായിരുന്നു തട്ടിപ്പ്. വെബ്സൈറ്റിലൂടെയുള്ള തട്ടിപ്പിന് മുന്നൂറിലേറെപ്പേര്‍ ഇരയായതായാണ് വിവരം.