സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിൽ പോലീസുകാർക്കു കോവിഡ് പോസിറ്റീവാകുന്നതു വർധിക്കുന്നു. ചാവക്കാട്, വടക്കേക്കാട്, വടക്കാഞ്ചേരി, പഴയന്നൂർ എന്നീ സ്റ്റേഷനുകളിൽ കോവിഡ് പോസിറ്റീവായ പോലീസുകാരുണ്ട്.
പോസിറ്റീവായവരുമായി പ്രൈമറി കോണ്ടാക്ട് ഉള്ളവരാണു സ്റ്റേഷനിൽ ബാക്കിയുള്ളവരെല്ലാമെന്നതു സ്ഥിതി ഗുരുതരമാക്കുന്നു. പലരും നിരീക്ഷണത്തിലാണ്.
ഓപ്പറേഷൻ റേഞ്ചർ, വാഹന പരിശോധന, ബോർഡർ ചെക്കിംഗ്, പൊതുസ്ഥലത്തെ പ്രശ്നക്കാരെ പിടികൂടൽ തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങൾ ഇപ്പോൾ പോലീസിനു നൽകിയിട്ടുള്ളതിനാൽ പോലീസുകാർക്കു ജനങ്ങളുമായി കൂടുതൽ ഇടപെടേണ്ട സ്ഥിതിയാണുള്ളത്.
പലയിടത്തും പോലീസുകാരും ജനങ്ങളുമായി ഇതിന്റെ പേരിൽ തർക്കങ്ങളുണ്ടാകുന്നുണ്ട്.
കോവിഡ് പോസിറ്റീവായ സ്റ്റേഷനിലെ പോലീസുകാർ ജനങ്ങളുമായി അടുത്തിടപഴകുന്നതിനോടു പരക്കെ എതിർപ്പുയർന്നിട്ടുണ്ട്.
വാഹന പരിശോധനാ സമയത്തും മറ്റും ജനങ്ങളുമായി വളരെ അടുത്തിടപെടുന്ന പോലീസുകാർ പലപ്പോഴും പോസിറ്റീവായവരുമായി അടുത്തിടപഴകിയവരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോലീസ് സ്റ്റേഷനുകൾ അടച്ചിടാൻ കഴിയില്ലെന്നിരിക്കെ സ്റ്റേഷനുകളിലെ പോലീസുകാർക്കു പോസിറ്റീവാകുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ വ്യക്തതയില്ല.
സ്റ്റേഷനിൽ ആകെയുള്ളവരിൽ പകുതിയോളം പേർ പോസിറ്റീവ് ആവുകയും ബാക്കിയുള്ളവരിൽ പലരും നിരീക്ഷണത്തിൽ പോവുകയും ചെയ്യുന്പോൾ കാര്യങ്ങൾ താളം തെറ്റുന്ന സ്ഥിതിയുമുണ്ട്.
ഇതു പരിഹരിക്കാൻ എ.ആർ. ക്യാന്പിൽ നിന്നുള്ളവരെ താത്കാലികമായി സ്റ്റേഷൻ ഡ്യൂട്ടി നൽകി ഇത്തരം പോലീസ് സ്റ്റേഷനുകളിൽ നിയോഗിക്കുകയെന്നതാണു സേനയ്ക്കുള്ളിൽ നിന്നുതന്നെ ഉയർന്നിരിക്കുന്ന നിർദേശം.
പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്യുന്ന സ്റ്റേഷനുകൾ ചുരുങ്ങിയതു മൂന്നോ നാലോ ദിവസം അടച്ചിട്ട് താത്കാലികമായി മറ്റെവിടെയെങ്കിലും സ്റ്റേഷൻ സൗകര്യം സജ്ജമാക്കി രോഗവ്യാപനം കുറയ്ക്കാൻ നടപടിയെടുക്കണമെന്നും നിർദേശമുയർന്നിട്ടുണ്ട്.