പ്രദീപ് ഗോപി
ആക്ഷനും കട്ടും പറഞ്ഞു കാമറയ്ക്കു പിന്നിലിരുന്നു സിനിമയൊരുക്കിയിരുന്ന യുവസംവിധായന്‍ നായകനായി കാമറയ്ക്കു മുന്നിലെത്തുന്നു.
ഇരയ് തേടൽ എന്ന തമിഴ് ചിത്രത്തിൽ നായകനായാണ് ചേർത്തല സ്വദേശിയായ കൃഷ്ണജിത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ടായിരുന്നു കൃഷ്ണജിത്തിന്റെ ഈ രംഗത്തേക്കുള്ള ചുവടുവയ്പ്പ്.
2013-ല്‍ ഫ്ളാറ്റ് നമ്പര്‍ 4ബി എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തുകൊണ്ട് കൃഷ്ണജിത്ത്.എസ് വിജയൻ സിനിമാ രംഗത്തേക്ക് കടന്നുവന്നു.
ആ ചിത്രത്തിലൂടെ തന്നെ 2013ലെ മികച്ച നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ജോണ്‍ എബ്രഹാം പുരസ്കാരവും കരസ്ഥമാക്കി. പിന്നീട് ഡെഡ്ലൈൻ, ബാല്‍ക്കണി എന്നീ രണ്ട് ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്തു.
തന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയ അജീഷ് പി അശോകിന്റെ പ്രതിധ്വനി എന്ന ഹൃസ്വ ചിത്രത്തിലൂടെ ബേബി മീനാക്ഷിക്കൊപ്പമുള്ള അഭിനയത്തിന് 2018 ലെ മികച്ച നടനുള്ള ഭരതന് പുരസ്കാരവും കൃഷ്ണജിത്ത് കരസ്ഥമാക്കി.
കാമറയ്ക്കു മുന്നില്‍
കാമറയ്ക്കു പിന്നില്‍ തുടരുന്നതിനിടെയാണ് ബാല്‍ക്കണി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും സുഹൃത്തുമായ കെ. ശ്രീവര്മയുടെ പുതിയ തമിഴ് ചിത്രമായ ഇരയ് തേടലിലേക്ക് അഭിനയിക്കാന്‍ ക്ഷണം ലഭിച്ചത്.
കെ.എസ് കാർത്തിക് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രാജേഷ് എന്ന പോലീസ് ഒാഫീസറുടെ കഥാപാത്രത്തെയാണ് കൃഷ്ണജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. സനൂജയാണ് നായിക.
ഉങ്കളെ പോടണം സർ എന്ന തമിഴ്സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മലയാളിയായ സനൂജ യുടെ രണ്ടാമത്തെ ചിത്രമാണ് ഇരൈ തേടൽ.
കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഇരയ് തേടലിലെ നായക കഥാപാത്രത്തെ ഒരു പുതുമുഖത്തിന്റെ ചാപല്യങ്ങള്‍ ഒന്നുമില്ലാതെ വളരെ മികച്ചതാക്കുവാന്‍ കൃഷ്ണജിത്തിന് സാധിച്ചു എന്നാണ് അണിയറ പ്രവർത്തകരുടെ പക്ഷം.
മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും ഒട്ടനവധി താരങ്ങളോടൊപ്പം സംവിധായകന് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് തന്റെ അഭിനയ ജീവിതത്തെ ഒട്ടേറെ സ്വാധീനിച്ചു എന്നും കൃഷ്ണജിത്ത് പറയുന്നു.
14 വര്‍ഷത്തെ അനുഭവം
സംവിധായകന് എന്ന നിലയില്‍ 14വര്‍ഷത്തെ അനുഭവപരിചയം ഉണ്ടെങ്കിലും അഭിനയ ജീവിതത്തില്‍ തുടക്കകാരനായതിനാല്‍ സിനിമ റിലീസ് ആയി പ്രേക്ഷകരുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ് കൃഷ്ണജിത്ത്.
ചെറുപ്പം മുതല്‍ സ്കൂള്‍ നാടകങ്ങളിലും മറ്റും അഭിനയിച്ചു വന്നിരുന്ന കൃഷ്ണജിത്തിന്റെയുള്ളില് ചെറിയ അഭിനയമോഹവും ഉണ്ടായിരുന്നു.
എങ്കിലും തമിഴ് സിനിമ പോലെ ഒരു വലിയ ഇന്‍ഡസ്ട്രിയിലേക്കുള്ള കടന്നുവരവ് വളരെ അപ്രതീക്ഷിതമായിരുന്നുവെന്നും അതേസമയം ഒരുപാട് പ്രതീക്ഷയുണ്ടെന്നും കൃഷ്ണജിത്ത് പറയുന്നു.
പോസ്റ്റ് പ്രൊഡക്ഷൻ
തമിഴ്ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്യണോ അതോ തിയറ്റർ റിലീസ് തന്നെ മതിയോ എന്ന ആലോചനയിലാണ് അണിയറക്കാർ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നു.
ചേര്‍ത്തല സൂര്യഭവനിൽ പി.എസ്. വിജയന്റെയും സൂര്യകലയുടെയും മകനാണ് കൃഷ്ണജിത്ത്. ഭാര്യ മാനസി. ഏകമകന് അഥര്‍വ കൃഷ്ണജിത്ത്.