സ്വന്തം ലേഖകൻ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ബേനാമി ഇടപാടുകൾ നടത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഹൈക്കോടതി ശിവശങ്കറുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ തള്ളിയിരുന്നു. തൊട്ടുപിന്നാലെ രാവിലെ 10.55ന് തിരുവനന്തപുരത്തെ ആശുപത്രിയിൽനിന്നു ശിവശങ്കറെ കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിച്ച ശിവശങ്കറെ ഇഡിയും കസ്റ്റംസും ആറു മണിക്കൂറോളം ചോദ്യംചെയ്തശേഷം രാത്രി 10.15ഓടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് ജനറൽ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ഇന്നു കോടതിയിൽ ഹാജരാക്കും.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരേ ശിവശങ്കറിനു സുപ്രീംകോടതിയില്‍ പോകാനുള്ള സാധ്യത നിലനില്‍ക്കേയായിരുന്നു ഇഡിയുടെ ചടുലനീക്കം. തിരുവനന്തപുരം വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയിൽ പുറംവേദനയ്ക്കുള്ള ചികിത്സയിലായിരുന്നു ശിവശങ്കർ.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി നടത്തിയ സാമ്പത്തിക ഇടപാടുകളാണു ശിവശങ്കറെ കുടുക്കിയത്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും സ്വപ്നയുടെയും മൊഴികൾ നിർണായകമായി.
സ്വപ്നയ്ക്കു ബാങ്കിൽ ലോക്കർ തുറക്കാനും ഒരു കോടി രൂപ നിക്ഷേപിക്കാനും സഹായിച്ചതു ശിവശങ്കറാണ്. സ്വർണക്കടത്തിൽനിന്നും കമ്മീഷൻ വഴിയും ലഭിച്ച പണമാണ് ഈവിധം നിക്ഷേപിച്ചതെന്നാണു നിഗമനം.
സ്വപ്നയുടെ സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്ത ശിവശങ്കറുടെ നടപടികൾ ദുരൂഹമാണെന്നും സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അപക്വമാണെന്നും കോടതി വിലയിരുത്തി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ല.
സീനിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ അന്വേഷണവുമായി സഹകരിക്കാന്‍ ശിവശങ്കറിനു ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ ശിവശങ്കറിനു സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമായിരുന്നു ഇഡിയുടെ വാദം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നു കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതു മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടില്‍ പങ്കില്ലെന്നും തന്നെ ജയിലിലടയ്ക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നുമാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി നിർദേശത്തിന്റെ കാലാവധി ഇന്നലെ കഴിഞ്ഞിരുന്നു.