കോഴിക്കോട്: നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നാലുമാസത്തെ അന്വേഷണത്തിനൊടുവില്‍ സുപ്രധാന അറസ്റ്റിലേക്ക് നയിച്ചത് ഡിജിറ്റല്‍ തെളിവുകള്‍.
ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ മറിച്ചുവച്ച രഹസ്യങ്ങളെല്ലാം പിന്നീട് ഡിജിറ്റല്‍ തെളിവുകളായാണ് അന്വേഷണസംഘത്തിന് മുന്നില്‍ എത്തിയത്.ഇത്തരത്തിലുള്ള നിരവധി ഡിജിറ്റില്‍ രേഖകള്‍ കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ശേഖരിച്ചിട്ടുണ്ട്.
ഇതില്‍ മന്ത്രി കെ.ടി.ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണും ഉള്‍പ്പെടും. കസ്റ്റംസാണ് ഈ മാസം 17ന് ഫോണ്‍ പിടിച്ചെടുത്തത്. വിദേശത്ത് നിന്നെത്തിയ റംസാന് കിറ്റുകള്‍ സംബന്ധിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് ഗണ്‍മാനുമായി സംസാരിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. മതഗ്രന്ഥ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കസ്റ്റംസും എന്‍ഫോഴ്സ്മെന്റും എന്‍ഐഎയും നേരത്തെ പരിശോധനകള്‍ നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഗണ്‍മാനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
ഫോൺ വിവരങ്ങൾ മന്ത്രിയിലേക്ക് നീളുമോ?
ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചുകൊണ്ട് ചോദ്യം ചെയ്യാനും നീക്കം നടക്കുന്നുണ്ട്. അതുവഴി മന്ത്രിയുടെ പങ്കിനെ കുറിച്ച് കൂടുതല്‍ അറിയാനാവും.
ഇതിന് പുറമേ കൊടുവള്ളിയിലുള്ള ജനപ്രതിനിധികളുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ കോളുകളും മറ്റു ഡിജിറ്റല്‍ തെളിവുകളും സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.
നഗരസഭാംഗമായ കാരാട്ട് ഫൈസലിനെതിരേ മൊഴി ലഭിച്ച് രണ്ടരമാസം കഴിഞ്ഞാണ് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. അത്രയുംനാള്‍ ഫൈസല്‍ നിരീക്ഷണത്തിലായിരുന്നു.
ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകം
കേസിലെ പല പ്രതികളുടെയും കംപ്യൂട്ടറും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും അന്വേഷണസംഘം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്്.
ഇതില്‍ നിന്നു ലഭിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണായകമാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്. ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേയും പ്രധാനമായുള്ളത് ഡിജിറ്റല്‍ തെളിവുകളാണ്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായുള്ള ചാറ്റുകള്‍ വീണ്ടെടുത്തതാണ് അറസ്റ്റിലേക്ക് നയിച്ചത്.
പുതിയ ഫോൺ തെളിവുനശിപ്പിക്കലിന്റെ ഭാഗം
കസ്റ്റംസ് പിടികൂടിയ പ്രതികളില്‍ പലരും ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘത്തിന് മുമ്പാകെ കീഴടങ്ങിയ പ്രതികളും അന്വേഷണസംഘം നേരിട്ട് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളും പുതിയ ഫോണുകളായിരുന്നു ഉപയോഗിച്ചത്.
ഇത് തെളിവ് നശിപ്പിച്ചതിനുള്ള ഉത്തമ ഉദാഹരണമായാണ് കസ്റ്റംസുള്പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. പ്രധാന പ്രതി കെ.ടി.റമീസ് കസ്റ്റംസിന് മുമ്പാകെ ഹാജരാകുന്നതിന് മുമ്പ് ഒരു ഫോണ്‍ നശിപ്പിച്ചിരുന്നു.
കേസിലെ പ്രമുഖരുമായി ബന്ധപ്പെടുത്തുന്ന ഫോണായിരുന്നു ഇതെന്നാണ് കസ്റ്റംസും എന്‍ഐഎയും വ്യക്തമാക്കുന്നത്. ആദ്യഘട്ടത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി ഷംജുവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ഹാര്‍ഡ് ഡിസ്ക് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.
സൈബര്‍ വിദഗ്ധര്‍ പരിശോധിച്ചെങ്കിലും തെളിവുകള്‍ എല്ലാം മായ്ച്ചതായാണ് കണ്ടെത്തിയത്. പല വമ്പന്‍ സ്രാവുകള്‍ക്ക് നേരെയുള്ള പ്രധാന തെളിവുകള്‍ക്കായി അന്വേഷണസംഘം സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്.