പട്ടിക്കാട്: കുതിരാനിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട്ടിൽനിന്ന് ആട്ടിൻകാഷ്ടം കയറ്റി വരികയായിരുന്ന ലോറി റോഡിന്റെ വശത്തെ താഴ്ചയിലേക്കു വീണ് കാബിനിൽ കുടുങ്ങി ഈറോഡ് സ്വദേശി വെള്ളദുരൈ മകൻ രവി(37) ആണ് മരിച്ചത്.
ഇന്നു പുലർച്ചെ നാലോടെ തൃശൂരിലേക്ക് വരികയായിരുന്ന ലോറി കുതിരാൻ ഇറങ്ങുന്നതിനിടയിലാണ് അപകടം.ലോറി ഇടതുവശത്തെ താഴ്ചയിലേക്ക് ഇറങ്ങി കാബിൻ കുത്തിനിന്നതോടെ സ്റ്റിയറിംഗ് വീൽ രവിയുടെ നെഞ്ചിൽ ഇടിക്കുകയായിരുന്നു.
തൃശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി കാബിൻ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഇയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.