സ്വന്തം ലേഖകൻ
കണ്ണൂർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെക്കുറിച്ച് ആറു മാസം മുൻപ് സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നല്കിയിരുന്നു.
എന്നാൽ, ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറാതെ ഓഫീസിലെ വിശ്വസ്തനായ മലബാർ സ്വദേശി മുക്കി. സ്വർണക്കടത്ത് സംഭവുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ഇയാൾക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നു.
ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറാത്ത സംഭവത്തെക്കുറിച്ചു സിപിഎം അന്വേഷണം തുടങ്ങിയിട്ടുണ്ട്.വടകര സ്വദേശികളായ രണ്ടുപേർ ചേർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതെന്നും സിപിഎമ്മിൽതന്നെ ചർച്ചയായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരാൾ സംസ്ഥാനത്തെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായി ചേർന്ന് ആഭ്യന്തരവകുപ്പമായി ബന്ധപ്പെട്ടു വ്യാപക ക്രമക്കേടുകൾ നടത്തുന്നതായും ആരോപണമുണ്ട്.
ആഭ്യന്തരവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ടും അഴിമതി ആരോപണങ്ങൾ വടകര സ്വദേശികൾക്കെതിരേ ഉയർന്നു വരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച ു നടന്ന സ്വർണക്കടത്ത് ഉൾപ്പെടെയുള്ള സംഭവങ്ങൾ സിപിഎമ്മിൽ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.