ജോണ്സണ് വേങ്ങത്തടം
കൊച്ചി: പിണറായി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ ലക്ഷ്യംവച്ചു കസ്റ്റംസ്, ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രംഗത്ത്.
പലവട്ടം ചോദ്യം ചെയ്ത മന്ത്രിയും ഇതുവരെ ചോദ്യം ചെയ്യപ്പെടാത്ത ഒരു മന്ത്രിയുമാണു അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ളത്.
അടുത്ത പത്തു ദിവസത്തിനുള്ളില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. നിലവില്‍ നാലു മന്ത്രിമാരുടെ പേരുകളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണ പരിധിയിലുള്ളത്.
രണ്ടു മന്ത്രിമാരിൽനിന്ന് ഇക്കാര്യത്തിൽ വ്യക്തത തേടേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ചോദ്യം ചെയ്യല്‍ സാവകാശം മതിയോ എന്ന കാര്യവും ഇവര്‍ ആലോചിക്കുന്നുണ്ട്.
ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരം ഇവരുമായി ബന്ധപ്പെട്ട കേസുകളില്‍ വളരെ ശക്തമായ ചര്‍ച്ചകളും ആലോചനകളും നടന്നു വരികയാണ്. ഏതായാലും സര്‍ക്കാരിനു തലവേദന സൃഷ്ടിച്ചു കൊണ്ടു അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന്റെ പുതിയ ചുവടുവയ്പ് ഉണ്ടാകുമെന്നറിയുന്നു.
മന്ത്രിമാരെ വട്ടം കറക്കി ലൈഫ് മിഷന് കേസുമായി സിബിഐയും സ്വര്‍ണക്കടത്ത്, വിദേശ സഹായം, വിദേശത്തുനിന്ന് മതഗ്രന്ഥം എത്തിച്ചതു തുടങ്ങിയ കാര്യങ്ങള്‍ എന്‍ഐഎയും ഇതിലെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് (ഇഡി) അന്വേഷിക്കുന്നത്.
സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്. സ്വപ്ന സുരേഷുമായി അടുത്ത ബന്ധം സ്ഥാപിച്ചു സ്വര്‍ണക്കടത്തില്‍ നിര്‍ണായ റോള്‍ കൈകാര്യം ചെയ്ത മന്ത്രിയാണ് അന്വേഷണസംഘത്തിന്റെ നിരിക്ഷണത്തിലുള്ള മന്ത്രിമാരില്‍ ഒരാള്‍.
ലൈഫ് മിഷനിലൂടെ സാമ്പത്തിക അഴിമതി നടത്തിയെന്നു സിബിഐ അന്വേഷിക്കുന്ന ലൈഫ് മിഷന് കേസിലേക്കു കടന്നു വരുന്ന മന്തിയുമാണ്. ഇതിനിടെ സ്വപ്ന സുരേഷുമായും കോണ്‍സുലേറ്റുമായി കൂടുതല്‍ അടുപ്പും സ്ഥാപിച്ചിരുന്ന മന്തിമാരും അന്വേഷണ പരിധിയിലാണ്.
ചോദ്യം ചെയ്യൽതുടരുന്നു
ഇതിനിടയില്‍ എന്‍ഫോസ്മെന്റ് കസ്റ്റഡിയില്‍ തുടരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും. ഇഡി ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യങ്ങള്‍.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ലോക്കര്‍ എടുത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട് ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മില്‍ നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ ഇഡി കണ്ടെത്തിയിരുന്നു.
ശിവശങ്കര്‍ നേരത്തെ നല്കിയ മൊഴികള്‍ തളളുന്നതാണ് ഈ ഡിജിറ്റല്‍ തെളിവുകള്‍. ഇവ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലാണു നടക്കുന്നത്.
ഇന്നലെ ഇഡി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കര്‍ വിളിച്ചിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു.
ഈ വെളിപ്പെടുത്തളില്‍ വ്യക്തത തേടാനും ഇഡി ശ്രമിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ ശിവശങ്കറിനെ പകല്‍ സമയം ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെ മാത്രമേ ചോദ്യം ചെയ്യാന്‍ അനുവാദമുളളൂ.
കോടതി നിര്‍ദേശങ്ങള്‍ പാലിച്ചുതന്നെയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്. കസ്റ്റംസ് കേസില്‍ തന്റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് നല്കണമെന്നാവശ്യപ്പെട്ടു സ്വപ്ന സുരേഷ് നല്കിയ ഹര്‍ജിയില്‍ കോടതി ഇന്നു വിധി പറയും.
കേസിന്റെ തുടര്‍നടപടികള്‍ക്ക് ഈ മൊഴി അത്യാവശ്യമാണെന്നായിരുന്നു സ്വപ്നയുടെ വാദം. രഹസ്യ മൊഴിയുടെ പകര്‍പ്പ് പ്രതിക്ക് നല്‍കരുതെന്നാണു കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.