ഉഡായിപ്പുമായി അവനെത്തും; ഓൺ‌ലൈൻ തട്ടിപ്പിന്‍റെ പുതിയ പതിപ്പ്; ‘വ്യാപാരികൾ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാ’


ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് പു​തി​യ രീ​തി​യി​ൽ. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണം വാ​ങ്ങി​യി​ട്ട് പ​ണം കൊ​ടു​ക്കാ​തെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ബാ​ങ്ക് റോ​ഡി​ലു​ള്ള രാ​മ​ച​ന്ദ്ര​ൻ​സ് നീ​ല​ക​ണ്ഠ ജ്വ​ല്ല​റി​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. 41.710 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ജ്വ​ല്ല​റി​യി​ൽ നി​ന്നും വാ​ങ്ങി​യ​ത്. ഇ​തി​ന്‍റെ വി​ല​യാ​യ 2,24,400 രൂ​പ ന​ല്കാ​തെ​യാ​ണ് യു​വാ​വ് ക​ട​ന്നു ക​ള​ഞ്ഞ​ത്.

ഇ​ൻ​കം ടാ​ക്സ് ഓ​ഫീ​സ​ർ എ​ന്ന് പ​രി​ചയ​പ്പെ​ടു​ത്തി​യയാ​ൾ മാ​ല​യും മോ​തി​ര​വും വാ​ങ്ങി​യ ശേ​ഷം പ​ണം ഓ​ൺ​ലൈ​ൻ ട്രാ​ൻ​സ്ഫ​ർ ന​ട​ത്താ​മെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു.

ഓ​ൺ​ലൈ​ൻ ട്രാ​ൻ​സ്ഫ​ർ ന​ട​ത്തി പ​ണം വ​ന്ന​തി​ന്‍റെ മെ​സേ​ജ് ക​ട ഉ​ട​മ​യെ കാ​ണി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷം വാ​ങ്ങി​യ സ്വ​ർ​ണ​വു​മാ​യി ഇ​യാ​ൾ പോ​വു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​യാ​ൾ ട്രാ​ൻ​സ്ഫ​ർ ചെ​യ്ത പ​ണം ല​ഭി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ട്ടു.

മൂ​ന്നു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് പ​രാ​തി​പ്പെ​ട്ട​ത്. പോ​ലീ​സ് ഉ​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് ഇ​യാ​ൾ സ​ഞ്ച​രി​ച്ച ടാ​ക്സി കാ​ർ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പ്ര​തി ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ചു.

കാ​സ​ർ​ഗോ​ഡ് ഉ​പ്പ​ള​യി​ലും ഇ​യാ​ൾ സ​മാ​ന രീ​തി​യി​ൽ ത​ട്ടി​പ്പി​നു ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഓ​ൺ​ലൈ​ൻ ട്രാ​ൻ​സ്ഫ​ർ വേ​ണ്ട പ​ണം മ​തി​യെ​ന്ന് ജ്വ​ല്ല​റി​ക്കാ​ർ പ​റ​ഞ്ഞ​തോ​ടെ ഇ​യാ​ൾ അ​വി​ടെ നി​ന്നും പോ​വു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ ടൗ​ൺ​ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം ഇ​യാ​ൾ​ക്കാ​യി ക​ർ​ണാ​ട​ക​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment