ചങ്ങനാശേരി: പോലീസുകാരെ വെല്ലുവിളിച്ചു വീണ്ടും ജില്ലയിൽ ചീട്ടുകളി മാഫിയ. വീട്ടുടമസ്ഥനു ദിവസ വാടക നല്കി ചീട്ടുകളിച്ചിരുന്ന 12 അംഗ സംഘത്തെ ചങ്ങനാശേരി പോലീസ് പിടികൂടി.
1,86,000 രൂപയും വാഹനങ്ങളും ഫോണുകളും പ്രതികളിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു.കൊച്ചുവടക്കേക്കര ബാബു (58), പാക്കിൽ ശ്രീവത്സം അനിൽ കുമാർ (50), തെള്ളകം തോനാട്ട് ശ്യം (44), വേളൂർ ഒറ്റപ്ലാക്കൽ രാംകുമാർ (38), കുറ്റപ്പുഴ ചുമത്ര മുണ്ടകത്തിൽ ചെറിയാൻ (55), കൊല്ലം താവനാട് മന്ദിരം രഞ്ജി (35), വെരൂർ പുതുശ്ശേരി ജയേഷ് (28), വാഴപ്പള്ളി പാറാശേരി ദിവാൻജി (31), വാലടി മനോജ് ഭവനിൽ മണിക്കുട്ടൻ(40), മുട്ടന്പലം മാങ്ങാനം മറ്റത്തിൽ സുരേഷ് (58), മാടപ്പള്ളി മോസ്കോ മഠംപറന്പ് രഞ്ജു(30), കുറ്റപ്പുഴ ചുമത്ര കിഴക്കേതിൽ ഷംസുദ്ദീൻ (42) എന്നിവരാണ് അറസ്റ്റിലായത്.
നാളുകളായി ഇവർ ചങ്ങനാശേരി, തിരുവല്ല, കോട്ടയം, തുടങ്ങിയ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ചീട്ടുകളിച്ചിരുന്നു. പോലീസിനു വിവരം ലഭിച്ചുവെന്നറിഞ്ഞാൽ സംഘം രക്ഷപ്പെടുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഒരു സ്ഥലത്ത് സ്ഥിരമായി ചീട്ടുകളിക്കുകയും ചെയ്തിരുന്നില്ല.
ദിവസേന 3000 രൂപ വാടക നല്കിയാണ് ചങ്ങനാശേരി വടക്കേക്കരയിലെ വീട്ടിൽ ചീട്ടുകളിച്ചിരുന്നത്. മറ്റു ചില സ്ഥലങ്ങളിൽ ഇതിൽ കൂടുതൽ വാടകയാണ് സംഘം നല്കിയിരുന്നത്.
വീടുകളിൽ ആളുകൾ എത്തുന്പോൾ ആർക്കും സംശയം തോന്നുമായിരുന്നില്ല. ഇതു മുതലെടുത്തായിരുന്നു സംഘത്തിന്റെ പ്രവർത്തനം. മിക്കപ്പോഴും രാവിലെ ഫോണിൽ ബന്ധപ്പെട്ടു അന്നത്തെ ചീട്ടുകളി കേന്ദ്രം ഏതാണെന്ന് അറിയിച്ചശേഷമായിരുന്നു ഇവർ ചീട്ടുകളിക്കാനായി എത്തിയിരുന്നത്.
കൂടുതൽ ആളുകൾ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. പിടിയിലായവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തുകയാണ്.
കൂടുതൽ സംഘങ്ങൾ ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചു ചീട്ടുകളി സംഘടിപ്പിക്കുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കുറച്ചു നാളുകളായി വടക്കേക്കരയിലും പുഴവാത് കേന്ദ്രീകരിച്ചും ചീട്ടുകളി നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് ഇന്നലെ പരിശോധന നടത്തിയത്.
ചങ്ങനാശേരി എസ്എച്ച്ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ കെ.വി. പ്രകാശ്, രമേശ് ബാബു, ആന്റണി മൈക്കിൾ, സിജു കെ. സൈമണ് എന്നിവർ ചേർന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.