ബംഗളൂരു: ബിനീഷ് കോടിയേരിയാണ് തന്റെ ബോസെന്ന് ലഹരി മരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് സമ്മതിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ബിനീഷ് പറഞ്ഞത് മാത്രമാണ് താന്‍ ചെയ്തതെന്നും അനൂപ് സമ്മതിച്ചു. അനൂപിന്റെ പേരിലുള്ള ഹോട്ടലിന്റെ ഉടമ ബിനീഷെന്നാണ് ഇഡി കസ്റ്റഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
അനൂപിന്റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചത് ബിനീഷാണെന്നും അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വൻതുക നിക്ഷേപിച്ചിരുന്നുവെന്നും കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു.
ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന നിലയ്ക്കാണ് അനൂപ് പ്രവർത്തിച്ചിരുന്നത്. അനൂപിനെ ബിനാമിയാക്കി ബിനീഷ് നിരവധി ബിസിനസുകള്‍ ബംഗളൂരുവില്‍ ചെയ്തുവെന്ന് കണ്ടെത്തിയതായും ഇഡി വ്യക്തമാക്കുന്നു.
ബിനീഷ് കേരളത്തിലിരുന്ന് അനൂപിനെ നിയന്ത്രിച്ചുവെന്നും അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് ബിനീഷ് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നുമാണ് ഇഡിയുടെ നിലപാട്.
അനൂപും ബിനീഷും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളത്. അറസ്റ്റിന് തൊട്ടുമുന്‍പും ബിനീഷിനെ അനൂപ് ഫോണില്‍ വിളിച്ചുവെന്നും ബിനീഷ് സ്ഥിരമായി ബംഗളൂരു സന്ദര്‍ശിച്ചിരുന്നുവെന്നും ഇഡി കണ്ടെത്തി.
ബിനീഷിനെ ഇന്ന് രാവിലെ ബംഗളൂരുവിലെ ഇഡി ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. നാല് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്. മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.