കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് അവൾ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറന്നത്. കൂട്ടിനു ഭർത്താവും. പ്രൊഫൈലിൽ ആർക്കും ഇഷ്ടം തോന്നുന്ന ഒരു ചിത്രവും അപ്ലോഡ് ചെയ്തു. പിന്നെ തേടിവരുന്ന ഫ്രണ്ട്സ് റിക്വസ്റ്റ് കാത്തിരുന്നു.
ഒടുവിൽ ഇരയായി എൻജിനിയറിംഗ് വിദ്യാർഥി കുടുങ്ങി. മെസഞ്ചറിലൂടെ ഗുഡ്മോണിംഗും ഗുഡ്നൈറ്റും സന്ദേശങ്ങളായി തുടർന്നു കൊണ്ടിരുന്നു.
പിന്നെ സുഖാന്വേഷണങ്ങൾ ആയി. അവസാനം അതു പ്രണയത്തിലേക്കും അശ്ലീല സന്ദേശങ്ങളിലേക്കും കടന്നു. രാത്രിയിൽ തുടങ്ങുന്ന ചാറ്റിംഗ് പുലർച്ചെ വരെ നീണ്ടു.
ഇതിനിടയിൽ യുവതി ആവശ്യപ്പെട്ടതനുസരിച്ചു വിദ്യാർഥിയുടെ സ്വകാര്യ ചിത്രങ്ങളും മെസഞ്ചറിൽ അയച്ചു കൊടുത്തു. നേരിട്ടു കാണാനുള്ള ആഗ്രഹവും വിദ്യാർഥി പ്രകടിപ്പിച്ചു.
ആദ്യമൊക്കെ സമ്മതിച്ചില്ലെങ്കിലും യുവതി ഒടുവിൽ സമ്മതിച്ചു. വിദ്യാർഥി തങ്ങളുടെ വരുതിയിലായെന്ന് ഉറപ്പു വരുത്തിയ ശേഷം ദന്പതികൾ ഓപ്പറേഷൻ തുടങ്ങി.
തിരുവനന്തപുരം സ്വദേശിനിയായ ജിനുവിനെയും ഭർത്താവ് വിഷ്ണുവിനെയും ആണ് ഹണിട്രാപ്പ് കേസിൽ എൻജിനിയറിംഗ് വിദ്യാർഥിയുടെ പരാതിയെത്തുടർന്നു പേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
എൽഎൽബിക്കാരിയും ബിടെക് കാരനും
എൽഎൽബി വിദ്യാർഥിനിയായ ജിനുവിന്റെയും ബിടെക് വിദ്യാർഥിയായ വിഷ്ണുവിന്റെയും പ്രണയ വിവാഹമായിരുന്നു. എട്ടു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹിതരായത്.
വാടക വീട്ടിലായിരുന്നു താമസം. ആർഭാടകരമായ ജീവിതം. അതിനാൽ, വളരെ വേഗം തന്നെ സാന്പത്തിക ബാധ്യതയിലേക്കു വീണു.
വാടകച്ചെലവും മറ്റു ചെലവുകളും കൂടിയതോടെ പ്രശ്നമായി. കടം വാങ്ങിയും മറ്റും കുറച്ചുനാൾ പിടിച്ചുനിന്നു.
സാന്പത്തിക ബാധ്യത കൂടിയതോടെ പണമുണ്ടാക്കാനുള്ള തന്ത്രം ഇരുവരും കൂടി ആലോചിച്ചു. അങ്ങനെയാണ് ഹണി ട്രാപ്പ് എന്ന കെണി പ്രയോഗിക്കാമെന്ന തീരുമാനത്തിലെത്തിയത്.
വിഷ്ണുവിനെതിരേ ബൈക്ക് മോഷണം, കവർച്ച തുടങ്ങിയ കേസുകൾ വേറെയുമുണ്ട്. ക്രിമിനിൽ പശ്ചാത്തലം ഹണിട്രാപ് ഒരുക്കാൻ ഇവർക്കു ധൈര്യം നൽകിയെന്നു പറയാം.
ഫേസ്ബുക്കിലൂടെ
എൻജിനിയറിംഗ് വിദ്യാർഥിയെ ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചു ജിനു സുഹൃത്താക്കുകയായിരുന്നു. അത്യാവശ്യം സാന്പത്തിക ചുറ്റുപാടുള്ള ആളാണ് വിദ്യാർഥിയെന്നു മനസിലാക്കിയതോടെ ഭാര്യയും ഭർത്താവും ചേർന്ന് അവനെ വലയിലാക്കാൻ തന്നെ തീരുമാനിച്ചു.
പദ്ധതികളെല്ലാം ആസൂത്രണം ചെയ്തത് ജിഷ്ണു ആയിരുന്നു. ഗുഡ്മോണിംഗ് മെസേജുകളിൽ തുടങ്ങി നല്ല അടുപ്പം സൃഷ്ടിച്ചെടുത്തു.
തുടർന്ന് മെല്ലെ മെല്ലെ മെസേജുകളുടെ സ്വഭാവം ജിനു മാറ്റി. വിദ്യാർഥി വരുതിയിലേക്കു വരുന്നു എന്നു തോന്നിയതോടെ നഗ്നചിത്രങ്ങളടക്കം അയച്ചുകൊടുത്തു.
വൈകാതെ, യുവതി വിദ്യാർഥിയെ തന്റെ വീട്ടിലേക്കും ക്ഷണിച്ചു. ക്ഷണം കിട്ടിയതോടെ തന്നെ കാത്തിരിക്കുന്ന കെണി അറിയാതെ ജിനുവിന്റെ വീടു തേടി അവനെത്തി.
വീട്ടിലെത്തിയതും വിഷ്ണുവും സുഹൃത്തുക്കളും ചാടി വീണ് അവനെ പിടികൂടി. നന്നായി കൈകാര്യം ചെയ്തു.
തുടർന്നു വസ്ത്രങ്ങളഴിച്ചു യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്തി. കൂടാതെ വിദ്യാർഥിയുടെ കൈയിലുണ്ടായിരുന്ന നാല്പതിനായിരം രൂപയോളം അവർ തട്ടിയെടുത്തു.
എടിഎം കാർഡും
ബ്ലാക്ക് മെയിലിംഗിന് വിധേയമായ എൻജിനിയറിംഗ് വിദ്യാർഥിയുടെ എടിഎം കാർഡും യുവതിയും ഭർത്താവും പിടിച്ചെടുത്തു.
എന്നാൽ, പിൻനന്പർ അവൻ പറഞ്ഞു കൊടുത്തില്ല. ഇതോടെ സംഘം മറ്റൊരു തന്ത്രമിറക്കി. ജിനു വിദ്യാർഥിയുടെ വീട്ടിലേക്കു വിളിച്ചു.
വിദ്യാർഥിയുടെ ബാലരാമപുരത്തെ വീട്ടിൽ വിളിച്ച യുവതി താൻ പോലീസുകാരിയാണെന്നു വിദ്യാർഥിയുടെ അമ്മയോടു പറഞ്ഞു.
ബൈക്കപകടത്തിൽ പരിക്കേറ്റ് മകൻ ആശുപത്രിയിലാണെന്നും അവന്റെ എടിഎം അക്കൗണ്ടിൽ പണമുണ്ടോയെന്നുമായിരുന്നു ചോദ്യം.
പിൻ നന്പർ ലഭിച്ചതോടെ വിദ്യാർഥിയെ ബാലരാമപുരത്തെ വീട്ടിൽ കാറിൽ കൊണ്ടാക്കിയ സംഘം ഉടൻ എടിഎം കാർഡ് ഉപയോഗിച്ചു പണം പിൻവലിക്കുകയായിരുന്നു.
അതേസമയം, വീട്ടിലെത്തിയ വിദ്യാർഥി കാര്യങ്ങളെല്ലാം വീട്ടുകാരോടു തുറന്നുപറഞ്ഞു. തുടർന്നു വീട്ടുകാർ പരാതി നൽകി. പേട്ട പോലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
(തുടരും)