ഒരു വീടു വാങ്ങാൻ എത്ര രൂപ വേണ്ടി വരും? സ്ഥലത്തിനും സൗകര്യത്തിനും അനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്നാവും ഉത്തരം. എന്നാൽ വെറും ഒരു യൂറോയ്ക്ക് (ഏകദേശം 86 രൂപ) വീടു വാങ്ങാൻ ഇതാ അവസരം.
ഇറ്റലിയിലെ ചെറുപട്ടണമായ സലേമിയിലാണ് ഈ ഒാഫർ. വർഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരിൽ ഭീഷണി നേരിടുന്ന നഗരമാണ് സലേമി.
1968-ലെ ബെലിസ് വാലി ഭൂകമ്പം ഏൽപ്പിച്ച ആഘാതത്തെത്തുടർന്ന് നാലായിരത്തിൽപ്പരം പേർ പട്ടണത്തിൽനിന്നു പാലായനം ചെയ്തിരുന്നു. അന്നു തൊട്ടാണ് സലേമി നഗരത്തിൽ ആൾത്താമസം ഇല്ലാതായത്.
പുതിയ പദ്ധതിയിലൂടെ പട്ടണത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ഉപേക്ഷിക്കപ്പെട്ട വീടുകൾ നേരത്തേയും സമീപവാസികൾ വിൽക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ആരും വാങ്ങിയിരുന്നില്ല.
കോവിഡ് കാലം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗൺ മാനേജ്മെന്റ് നിസാരവിലയ്ക്ക് വീടുകൾ വിൽക്കാൻ തീരുമാനിച്ചത്.
വഴി, വൈദ്യുതി, മലിനജലപാൈപ്പ് സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം തയാറാക്കിയതിനു ശേഷമാണ് പദ്ധതി തയാറാക്കിയതെന്ന് സലേമി മേയർ ഡൊമിനികോ വെനുറ്റി പറഞ്ഞു.
വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ സലേമി സിറ്റി കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്. വീടിന്റെ ചിത്രങ്ങളും വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
താൽപര്യമുള്ളവർ വാങ്ങുന്ന വീട് എങ്ങനെയാണ് നവീകരിക്കുന്നത് എന്ന്് വിശദമായി അറിയിക്കണം. വെറുതേ വീട് നവീകരിച്ചാൽ പോരാ. നഗരത്തിന്റെ വളർച്ചയെ സഹായിക്കുന്ന വിധത്തിലാവണം നവീകരണം.
കൂടെ 2,60,692 രൂപ (3000 യൂറോ) സെക്യൂരിറ്റിയായി നൽകുകയും വേണം. മൂന്നു വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കിയാൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കും.
നേരത്തേയും ഇറ്റലിയിലെ പല ചെറുപട്ടണങ്ങളും ഇത്തരത്തിൽ തുച്ഛവിലയ്ക്ക് വിൽപനയ്ക്ക് വച്ചിരുന്നു. സാംബുകാ പട്ടണത്തിലെ വീടുകൾ 73 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്.