പോൾ മാത്യു
തൃശൂർ: കാലാവധി കഴിഞ്ഞതിനെതുടർന്ന് കോടിക്കണക്കിനു രൂപയുടെ ആന്റിബയോട്ടിക്കും മറ്റു മരുന്നുകളും വിപണിയിൽനിന്നു പിൻവലിക്കുന്നു. ഇവ നശിപ്പിക്കാനുള്ള നടപടികൾ തുടങ്ങി.
മരുന്നു കന്പനികളുടെ കണക്കനുസരിച്ച് കേരളത്തിൽ മാസംതോറും 12,000 കോടിയുടെ മരുന്നുകളാണ് വിറ്റഴിക്കുന്നത്. ഇതിൽ 40 ശതമാനത്തോളം ആന്റിബയോട്ടിക് മരുന്നുകളാണ്.
എന്നാൽ, കോവിഡിന്റെ പേരിൽ മാസ്ക് ഉപയോഗം നിർബന്ധമാക്കിയതോടെ രോഗമില്ലാത്ത സാഹചര്യമുണ്ടായെന്നും മരുന്നുകൾക്കു ചെലവില്ലാതായെന്നുമാണു കണ്ടെത്തൽ.
ഇതോടെ കേരളത്തിലെത്തിച്ച മരുന്നുകളടെ കാലാവധി ഏതാണ്ടു കഴിഞ്ഞു. മരുന്നു വില്പന ശാലകളിലും ആശുപത്രികളിലുമൊക്കെ എത്തിച്ച കോടികളുടെ ആന്റിബയോട്ടിക്കുകൾ നശിപ്പിക്കേണ്ട അവസ്ഥയാണ്. കാലാവധി കഴിഞ്ഞാൽ തിരിച്ചെടുത്തു നശിപ്പിക്കുക മാത്രമാണ് ഏക വഴി.
സാധാരണ മേയ് മുതൽ ഒക്ടോബർവരെയുള്ള മാസങ്ങളിലാണ് ആന്റിബയോട്ടിക്കുകളുടെ വില്പന കൂടുതൽ ഉണ്ടാകാറുള്ളത്. മഴക്കാലത്തു കേരളത്തിൽ കൂടുതൽ രോഗങ്ങൾ പതിവാണെന്നതിനാൽ അതനുസരിച്ചു മരുന്നുകളും ഇവിടേക്ക് എത്തിക്കാറുണ്ട്.
ഇത്തവണ ജലദോഷം മുതൽ പനി തുടങ്ങി മറ്റു രോഗങ്ങളൊക്കെ വിരളമാകുകയും ആളുകൾ മരുന്നുകൾ ഉപയോഗിക്കാതെ വരികയും ചെയ്തതോടെയാണ് മരുന്നുവില്പനയിൽ വൻ ഇടിവ് വന്നത്.
സാധാരണ ചെറിയ ജലദോഷം വരുന്പോൾപോലും ഡോക്ടറെ കണ്ടും കാണാതെയും ആന്റിബയോട്ടിക്കുകളടക്കം മരുന്നുകൾ വാങ്ങിക്കഴിച്ചാണ് രോഗം മാറ്റിയിരുന്നത്.
കോവിഡിനെതുടർന്ന് മാസ്ക് നിർബന്ധമാക്കിയതോടെ ജലദോഷവും പനിയുമൊക്കെ കുറഞ്ഞു. ചെറിയ പനിയൊക്കെ വന്നാൽപോലും ആളുകൾ ഡോക്ടറെ കാണാനോ മരുന്നു വാങ്ങിക്കഴിക്കാനോ തയാറാകുന്നുമില്ല. ഇതാണ് മരുന്നുവില്പന ഇടിച്ചത്.
കോവിഡ് മാറിയാലും മാസ്കിന്റെ ഉപയോഗം തുടർന്നാൽ രോഗങ്ങൾ കുറയുകയും മരുന്ന് ഉപയോഗം നേർപകുതിയായെങ്കിലും കുറയുകയും ചെയ്യുമെന്നാണ് മരുന്നു കന്പനികളുടെ ആശങ്ക.
കോവിഡ് വന്നതോടെ ആശുപത്രികളിൽ ചികിത്സയും ഓപ്പറേഷനുകളും പത്തിലൊന്നായി ചുരുങ്ങിയതും വൻ തിരിച്ചടിയായി.
ആശുപത്രികളിൽ 25,000 കോടിയിലധികം രൂപയുടെ ഓപ്പറേഷനുകളും മരുന്നുകളുടെ ചെലവുമൊക്കെ നടന്നിരുന്നത് ഒറ്റയടിക്ക് ഇല്ലാതായത് മരുന്നുവിപണിയെ മാത്രമല്ല, ആശുപത്രികളുടെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.