കൊച്ചി: ടാറിംഗിനും ടൈലുകള്‍ക്കും ഇടയിലുണ്ടായ വിടവ് അപകടക്കെണിയാകുന്നു, കണ്ടിട്ടും കണ്ടതായി നടിക്കാതെ അധികൃതരും.
കതൃക്കടവ്-തമ്മനം റോഡില്‍ ആസാദ് റോഡിനു സമീപം ടാറിംഗിന്റെയും ടൈലുകളുടെയും ഇടയില്‍ ഉണ്ടായ പിളര്‍പ്പാണ് അപകടം മാടിവിളിക്കുന്നത്.
രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ ഇരുചക്ര വാഹനയാത്രികര്‍ അടക്കം ഇവിടെ അപകടത്തില്‍ പെടാനുള്ള സാധ്യതയും ഏറെ.
റോഡില്‍ ടൈലുകള്‍ വിരിച്ചശേഷം ഇതിനോടു ചേര്‍ന്നുള്ള ടാറിംഗ് ഇളകിമാറിയതാണു പ്രശ്നങ്ങള്‍ക്കു കാരണം. സ്ഥലത്ത് ടാറിംഗ് പൂര്‍ണമായും തകര്‍ന്നു വലിയ ഗര്‍ത്തം രൂപപ്പെട്ട നിലയിലാണ്.
പകല്‍ സമയങ്ങളില്‍ കാര്‍ യാത്രികള്‍ ഉള്‍പ്പെടെ ചെറു വാഹനങ്ങള്‍ ഈ കുഴിയില്‍ വീഴാതിരിക്കാന്‍ വേഗം കുറയ്ക്കുന്നത് ഗതാഗത കുരുക്കിനും കാരണമാകുന്നു. ഈ റോഡിലെ ഒറ്റപ്പെട്ട കുഴി ആയതിനാല്‍ വാഹങ്ങള്‍ പ്രതീക്ഷിക്കാതെ കുഴിയില്‍ വന്നു ചാടുന്ന അവസ്ഥയാണുള്ളത്.
പലരും കുഴിയുടെ സമീപത്ത് എത്തുമ്പോഴാണ് അപകടം തിരിച്ചറിയുക. ഉടന്‍ സഡണ്‍ ബ്രേക്കിടുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിനും കാരണമാകും.
അറ്റകുറ്റ പണികളെങ്കിലും നടത്തി പ്രദേശത്തെ അപകടം എത്രയും വേഗം ഒഴിവാക്കണമെന്നാണ് യാത്രികരുടെ ആവശ്യം.