കൽപ്പറ്റ: ഇരതേടുന്നതിനിടെ പിടിയിലാകുന്ന കടുവകൾക്കു അഭയവും പരിചരണവും നൽകുന്നതിനു വനം-വന്യജീവി വകുപ്പ് സംസ്ഥാനത്തു ആദ്യമായി വയനാട്ടിൽ കേന്ദ്രം തുടങ്ങുന്നു.
പ്രായാധിക്യവും പരിക്കേറ്റതുമായ കടുവകളുടെ ശല്യം വനാതിർത്തി ഗ്രാമങ്ങളിൽ കൂടിവരുന്ന സാഹചര്യത്തിലാണ് ചികിത്സയും അഭയവും നൽകുന്നതിനായി സൗകര്യമൊരുങ്ങുന്നത്.
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽപ്പെട്ട പച്ചാടിയിൽ അഞ്ച് ഏക്കറാണ് അഭയ-പരിചരണ കേന്ദ്രത്തിനായി ഉപയോഗപ്പെടുത്തുന്നത്.
78 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം യാഥാർഥ്യമാക്കുന്നത്. മൂന്നു മാസത്തിനകം പ്രവർത്തനം ആരംഭിക്കുന്ന കേന്ദ്രത്തിൽ ഒരേ സമയം നാലു കടുവകളെ സംരക്ഷിക്കാനാകുമെന്നു വനം-വന്യജീവി വകുപ്പധികൃതർ പറഞ്ഞു.
കേന്ദ്രത്തിൽ നൽകുന്ന പരിചരണത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന കടുവകളെ അവയുടെ യഥാർഥ ആവാസകേന്ദ്രത്തിൽ തുറന്നുവിടുകയോ മൃഗശാലയിലേക്കു മാറ്റുകയോ ചെയ്യും.
കാട്ടിൽ സ്വയം ഇര തേടാൻ കെൽപ്പില്ലാത്ത കടുവകളാണ് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത്. വീടുകളുടെ പരിസരങ്ങളിലെത്തി പിടികൂടുന്ന വളർത്തുമൃഗങ്ങളെയാണ് ഇവ ആഹാരമാക്കുന്നത്.
വിശപ്പകറ്റുന്നതിനു കാടിറങ്ങുന്ന കടുവകളിൽ കർണാടകയിലെ ബന്ദിപ്പുര, നാഗരഹോള വനങ്ങളിലേതും ഉൾപ്പെടും.
പറന്പിക്കുളവും പെരിയാറുമാണ് കേരളത്തിലെ കടുവ സങ്കേതങ്ങളെങ്കിലും കേരളത്തിലെ കടുവകളിൽ പകുതിയോളം വയനാടൻ വനത്തിലാണ്. 2018ലെ സെൻസസ് അനുസരിച്ചു സംസ്ഥാനത്തെ 190 കടുവകളിൽ 80 എണ്ണം വയനാട്ടിലാണ്.
രാജ്യത്തെ കടുവാസങ്കേതങ്ങളിൽ കടുവ സാന്ദ്രതയിൽ രണ്ടും മൂന്നും സ്ഥാനം യഥാക്രമം കർണാടകയിലെ നാഗർഹോളയ്ക്കും ബന്ദിപ്പുരയ്ക്കുമാണ്. വയനാടൻ വനങ്ങളുമായി അതിരുപങ്കിടുന്നതാണ് ഈ രണ്ടു കടുവാസങ്കേതങ്ങളും.
കർണാടക വനത്തിൽനിന്നു കബനി നദി കടന്നെത്തിയ കടുവയാണ് മാസങ്ങൾമുന്പ് മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിലും പരിസരങ്ങളിലും ശല്യം ചെയ്തിരുന്നത്.
വയനാടൻ വനത്തിൽത്തന്നെയുള്ളതാണ് കഴിഞ്ഞ 25നു പുൽപ്പള്ളിക്കടുത്തു ചീയന്പത്തു കൂടുവച്ചു പിടിച്ച പെണ്‍കടുവ. മൂന്നു ദിവസത്തെ നിരീക്ഷണത്തിനുശേഷം ഇതിനെ തിരുവനന്തപുരം മൃഗശാലയിലേക്കാണ് മാറ്റിയത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ വനം-വന്യജീവി വകുപ്പ് വയനാട്ടിൽ അഞ്ചു കടുവകളെയാണ് ജനവാസകേന്ദ്രങ്ങളിൽനിന്നു പിടിച്ചത്. കടുവകളുടെ ചികിത്സയ്ക്കും പരിചരണത്തിനും നിലവിൽ സംസ്ഥാനത്തു പ്രത്യേകം സംവിധാനമില്ല.
താത്കാലിക ക്രമീകരണം എന്ന നിലയിലാണ് തിരുവനന്തപുരത്തും നെയ്യാറിലും എത്തിക്കുന്നത്. പുത്തൂർ സുവോളജിക്കൽ പാർക്കിനായി നീക്കിവച്ച 136.86 ഹെക്ടറിൽ 10 ഹെക്ടർ കടുവ പുനരധിവാസ കേന്ദ്രം തുടങ്ങുന്നതു വനം-വന്യജീവി വകുപ്പിന്റെ സജീവ പരിഗണനയിലുണ്ട്.
നവീനവും സാങ്കേതികത്തികവുള്ളതുമായ പുനരധിവാസ കേന്ദ്രമാണ് പുത്തൂരിൽ വിഭാവനം ചെയ്യുന്നത്. വനത്തിൽനിന്നോ വനാതിർത്തികളിൽനിന്നോ പിടികുടുന്ന കടുവകളെ തിരുവനന്തപുരം മൃഗശാലയിലോ നെയ്യാർ ലയണ്‍ സഫാരി പാർക്കിലോ പാർപ്പിക്കേണ്ട സാഹചര്യം പുനരധിവാസ കേന്ദ്രം യാഥാർഥ്യമാകുന്നതോടെ ഒഴിവാകും.