കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് പുതിയ രീതിയിൽ. കണ്ണൂർ നഗരത്തിലെ ജ്വല്ലറിയിൽ സ്വർണം വാങ്ങിയിട്ട് പണം കൊടുക്കാതെയാണ് തട്ടിപ്പ് നടത്തിയത്.
ബാങ്ക് റോഡിലുള്ള രാമചന്ദ്രൻസ് നീലകണ്ഠ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. 41.710 ഗ്രാം സ്വർണമാണ് ജ്വല്ലറിയിൽ നിന്നും വാങ്ങിയത്. ഇതിന്റെ വിലയായ 2,24,400 രൂപ നല്കാതെയാണ് യുവാവ് കടന്നു കളഞ്ഞത്.
ഇൻകം ടാക്സ് ഓഫീസർ എന്ന് പരിചയപ്പെടുത്തിയയാൾ മാലയും മോതിരവും വാങ്ങിയ ശേഷം പണം ഓൺലൈൻ ട്രാൻസ്ഫർ നടത്താമെന്ന് പറയുകയായിരുന്നു.
ഓൺലൈൻ ട്രാൻസ്ഫർ നടത്തി പണം വന്നതിന്റെ മെസേജ് കട ഉടമയെ കാണിക്കുകയും ചെയ്തു. ഇതിനു ശേഷം വാങ്ങിയ സ്വർണവുമായി ഇയാൾ പോവുകയും ചെയ്തു.
എന്നാൽ, അക്കൗണ്ട് പരിശോധിച്ചപ്പോൾ ഇയാൾ ട്രാൻസ്ഫർ ചെയ്ത പണം ലഭിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതിപ്പെട്ടു.
മൂന്നു മണിക്കൂറിനു ശേഷമാണ് പരാതിപ്പെട്ടത്. പോലീസ് ഉടൻ അന്വേഷണം ആരംഭിച്ച് ഇയാൾ സഞ്ചരിച്ച ടാക്സി കാർ കണ്ടെത്തിയെങ്കിലും പ്രതി കർണാടകയിലേക്ക് കടന്നതായി സൂചന ലഭിച്ചു.
കാസർഗോഡ് ഉപ്പളയിലും ഇയാൾ സമാന രീതിയിൽ തട്ടിപ്പിനു ശ്രമിച്ചിരുന്നു. എന്നാൽ, ഓൺലൈൻ ട്രാൻസ്ഫർ വേണ്ട പണം മതിയെന്ന് ജ്വല്ലറിക്കാർ പറഞ്ഞതോടെ ഇയാൾ അവിടെ നിന്നും പോവുകയായിരുന്നു.
കണ്ണൂർ ടൗൺ പോലീസിന്റെ പ്രത്യേക സംഘം ഇയാൾക്കായി കർണാടകത്തിൽ അന്വേഷണം നടത്തുന്നുണ്ട്.