കാഞ്ഞാർ: ഇനി കാഞ്ഞാറിലെത്തിയാലും രാജാക്കാട് ടൗണ്‍ കാണാം. ടൗണിനു സമീപമുള്ള കൈപ്പക്കവലയിൽ രാജാക്കാട് ടൗണിന്റെ ദൃശ്യഭംഗി മുഴുവൻ ദർശിക്കാനാവും.
ദ്യശ്യം സിനിമയുടെ രണ്ടാംഭാഗം നിർമിക്കുന്നതിനായി മലങ്കര ജലാശയതീരത്ത് കൈപ്പകവലയിൽ ഒരുക്കിയിരിക്കുന്ന സെറ്റിലാണ് രാജാക്കാട് ടൗണ്‍ പുനരാവിഷ്ക്കരിച്ചിരിക്കുന്നത്.
റേഷൻ കട, ഇടുക്കി പോലീസ് സ്റ്റേഷൻ പുതിയതും പഴയതും, കുരിശുപള്ളി, വളം ഡിപ്പോ, പലചരക്ക് കട, സ്റ്റേഷനറി കട, തുണിക്കട, ഹോട്ടൽ, ഉന്തുവണ്ടി, പെട്ടിക്കട, സൈക്കിൾ ഷോപ്പ്, തട്ടുകട, നഴ്സറി, ലേഡീസ് സ്റ്റോർ, കൊടിമരം, വണ്ണപ്പുറം രാജാക്കാട് ബസ് എന്നിങ്ങനെ ഒരു സിറ്റിയിൽ വേണ്ട എല്ലാ സംവിധാനങ്ങളും സെറ്റിൽ ഒരുക്കിയിട്ടുണ്ട്.
കൈപ്പക്കവലയുടെ ദ്യശ്യ ഭംഗി മുഴുവൻ തന്നെ സിനിമയിൽ പകർത്തുന്നുണ്ട്. ഇന്നലെ ആദ്യമായി ഇവിടെ ഷൂട്ടിംഗ് നടന്നു.
സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായ കൈപ്പക്കവലയെ വീണ്ടും അഭ്രപാളിയിലെത്തിക്കാൻ ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ട് ഇവിടെ എത്തി.
ദ്യശ്യം സിനിമയുടെ ഒന്നാംഭാഗം ചിത്രീകരിച്ച അതേ സ്ഥലത്തു തന്നെയാണ് ദ്യശ്യം 2 ന്റെയും ലൊക്കേഷൻ സെറ്റ് ചെയ്തിരിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു.
ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുന്പാവൂരാണ്. കോവിഡിന്റെ നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന ക്രൈം ത്രില്ലർ ആണ് ദൃശ്യം -2.