പത്തനാപുരം: പാമ്പ് കടിയേറ്റ് മരണപ്പെട്ട ആദിത്യയുടെ കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. വാവ സുരേഷിന്റെ ഇടപെടലിലൂടെയാണ് ഈ നിര്‍ധന കുടുംബത്തിന് സ്വപ്നഭവനമൊരുങ്ങുന്നത്.
ചുരുങ്ങിയ ദിവസത്തിനുളളില്‍ തന്നെ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വാവ സുരേഷ്.
800 ചതുരുശ്ര അടി വിസ്തീര്‍ണത്തില്‍ പതിമൂന്ന് ലക്ഷം രൂപാ ചിലവഴിച്ചുളള മനോഹരമായ ഭവനമാണ് നിര്‍മ്മിക്കുന്നത്. വീടിന്റെ തറക്കല്ലീടില്‍ വാവാസുരേഷും ആദിത്യയുടെ മാതാപിതാക്കളും ചേര്‍ന്ന് നിര്‍വഹിച്ചു.
മൂന്ന് മാസത്തിനുളളില്‍ തന്നെ പണി പൂര്‍ത്തീകരിച്ച് താക്കോല്‍ നല്‍കുമെന്ന് വാവാ സുരേഷ് പറഞ്ഞു.
മലപ്പുറത്തുളള പ്രവാസി സുഹൃത്തുക്കള്‍ തനിക്ക് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ ഭവനം സ്നേഹപൂര്‍വം നിരസിച്ച് കൊണ്ട് അത് ആദിത്യയുടെ കുടുംബത്തിന് നല്‍കണമെന്ന് അദ്ദേഹം നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഇവരുടേതടക്കം പ്രവാസി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഭവനം ഒരുങ്ങുന്നത്.
പത്തനാപുരം മാങ്കോട് ചരുവിളപുത്തൻവീട്ടിൽ രാജീവ്- സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യ കഴിഞ്ഞ നാലിനാണ് പാമ്പ് കടിയേറ്റു മരണപ്പെടുന്നത്.
അനുജത്തിക്കുമൊപ്പം തറയില്‍ കിടന്നുറന്നുകയായിരുന്ന ആദിത്യയുടെ ചെവിയില്‍ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. മണ്‍കട്ട കൊണ്ട് പണിത കുഞ്ഞു വീട്ടിലായിരുന്നു എട്ട് പേരടങ്ങുന്ന കുടുംബത്തിന്റെ താമസം.
ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലായിരുന്നു വീട്. തറയിലെ മാളത്തില്‍ ഒളിച്ചിരുന്ന ശംഖുവരയന്‍ പാമ്പാണ് കുട്ടിയെ കടിച്ചത്.
ആദിത്യയുടെ അമ്മ സിന്ധു പല തവണ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പട്ടികജാതി കുടുംബത്തിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.
മരണവിവരം അറിഞ്ഞ് ആദിത്യയുടെ വീട്ടിലെത്തിയ വാവാസുരേഷ് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.