കാക്കനാട്: ഇൻഫോപാർക്ക് കരിമുകൾ റോഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ദിവാകരൻ നായരുടെ (64) മരണം ആസൂത്രിത കൊലപാതകമെന്നു പോലീസ്.
ഒരു സ്ത്രീ അടക്കം നാലുപേരെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു.
പൊൻകുന്നം കായപ്പാക്കൽ ദിവാകരൻ നായരുടെ മകൻ അനിൽകുമാർ (45), പൊൻകുന്നം പച്ചിമല പനമറ്റംകരയിൽ ചരളയിൽ രാജപ്പന്റെ മകൻ രാജേഷ് (37), പൊൻകുന്നം കിഴക്കടം കണ്ണമലവീട്ടിൽ സജിയുടെ മകൻ സൻജയ് (23), കൊല്ലം കുമിൾ കുഴിപ്പാറയിൽ തൃക്കണ്ണപുരം പാറവിള ഷാജഹാന്റെ ഭാര്യ ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്.
ദിവാകരനെ ഫോണിലൂടെ ഹണി ട്രാപ്പ് ചെയ്ത് കൊല്ലത്തെ വീട്ടിൽനിന്നു കൊച്ചിയിലേക്ക് വിളിച്ചു വരുത്തി വകവരുത്താൻ ഒത്താശ ചെയ്തത് ഷാനിഫയാണെന്നു പോലീസ് അറിയിച്ചു.
സഹോദരനുമായള്ള സ്വത്തുതർക്കത്തെത്തുടർന്ന് ദിവാകരൻ നായരുടെ സഹോദരന്റെ ബന്ധു ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയതെന്നു തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ കെ.എം. ജിജിമോൻ പറഞ്ഞു.
രണ്ടാം പ്രതി രാജേഷിന്റെ കാമുകിയായ ഷാനിഫയുടെ സഹായത്താലാണ് ദിവാകരൻ നായരെ കാക്കനാട് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. 50,000 രൂപ അഡ്വാൻസും ക്വട്ടേഷൻ സംഘത്തിന് നൽകി.
പൊൻകുന്നത്തുനിന്നു സംഘം കൊച്ചിയിലെത്തിയത് വാടകയ്ക്കെടുത്ത ഇന്നോവയിലായിരുന്നു. ദിവാകരൻ നായരെ ഇതേ വാഹനത്തിനുള്ളിൽ വച്ച് ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തുകയായിരുന്നെന്നു പ്രതികൾ പോലീസിനോട് പറഞ്ഞു.
തൃക്കാക്കര അമ്പലത്തിന് സമീപത്ത് നടന്ന ബലപ്രയോഗത്തിനിടയിൽ ഊരിപ്പോയ ഇയാളുടെ ചെരുപ്പുകൾ പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
ദിവാകരൻ നായർ സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയാണ് അന്വേഷണം വേഗത്തിലാക്കിയത്. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഇൻഫോപാർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എ.എൻ. ഷാജു, മധു, സുരേഷ്, അമില എന്നിവരുടെ നേതൃത്വത്തിൽ നാല് ടീമുകളാണ് അന്വേഷണം നടത്തിയത്.