കൊച്ചി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതു തുടരുന്നു.
ലൈഫ് മിഷനിലെ കമ്മീഷന് സംബന്ധിച്ചും സ്വപ്ന സുരേഷിന്റെ ഇടപാടുകള്‍ സംബന്ധിച്ചുമായിരുന്നു ഇന്നലത്തെ ചോദ്യങ്ങൾ.
സ്വപ്ന വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ സഹായിച്ചിട്ടുണ്ടെന്നും അവ കമ്മീഷന് ലക്ഷ്യം വച്ചായിരുന്നില്ലെന്നും ശിവശങ്കര്‍ മൊഴി നല്കി.
സൗഹൃദത്തിന്റെ പേരിലുള്ള സഹായങ്ങളാണു സ്വപ്ന ചെയ്തത്.
സ്മാര്‍ട്ട് സിറ്റി പദ്ധതി മുടങ്ങിപ്പോകുന്ന ഘട്ടത്തില്‍ സ്വപ്നയുടെ സേവനം ഉപയോഗപ്പെടുത്തി. ഇതിന് കമ്മീഷനോ മറ്റ് പണമിടപാടോ ഉണ്ടായില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ശിവശങ്കറിന്റെ ഉത്തരങ്ങൾ പൂര്‍ണമായും വിശ്വസിക്കാന്‍ എൻഫോഴ്സ്മെന്റ് തയാറായിട്ടില്ല. എല്ലാ രേഖകളും മുന്നില്‍ വച്ചുള്ള ചോദ്യം ചെയ്യലാണെങ്കിലും വ്യക്തമായ ഉത്തരം നല്കുന്നതിൽ ശിവശങ്കര്‍ പലപ്പോഴും മടികാണിക്കുന്നുണ്ട്.
രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെയാണു ചോദ്യം ചെയ്യല്‍. ഇതിനിടയില്‍ ആവശ്യത്തിനു വിശ്രമവും ചികിത്സാസൗകര്യവും നല്‍കുന്നുണ്ട്. ചോദ്യം ചെയ്യലിനു വിളിപ്പിച്ചപ്പോള്‍ ഉണ്ടായിരുന്ന ധൈര്യമൊന്നും ശിവശങ്കറില്‍ ഇപ്പോൾ കാണാനില്ലെന്നു പറയുന്നു.