അഗളി:പുതൂർ പഞ്ചായത്തിൽ കിണറ്റുകര ഉൗരിന് കിഴക്ക് വശത്ത് പക്കിമലയിൽ കൃഷിയിറക്കിയിരുന്ന വൻ കഞ്ചാവ് തോട്ടം വനപാലകർ വെട്ടിനശിപ്പിച്ചു.
അട്ടപ്പാടി റൈഞ്ചിൽ പ്പെട്ട പക്കിമലയിൽ മാങ്ങാമാര നാലിയുടെ സമീപത്തായിരുന്നു കഞ്ചാവ് കൃഷി.വീര്യം കൂടിയ നീലച്ചടയാൻ കഞ്ചാവാണ് കൃഷിയിറക്കിയിരുന്നതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
52 തടങ്ങളിലായി കൃഷി ചെയ്തിരുന്ന 263 കഞ്ചാവ് ചെടികളാണ് കണ്ടെത്തി നശിപ്പിച്ചത് വളവും വെള്ളവും നല്ലപരിചരണവും നൽകിയിരുന്നു .4 മാസം വളർച്ചയെത്തിയ ചെടിക്ക് 10 അടിയോളം ഉയരമുണ്ടായിരുന്നു.
കഴിഞ്ഞ 27ന് വനത്തിൽ കയറിയ സംഘം 28ന് പകലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. വിളവെടുപ്പിൽ 5 ക്വിന്റലിൽ കുറയാതെ കഞ്ചാവ് ലഭിച്ചേക്കാമെന്നാണ് വനപാലകരുടെ നിഗമനം. ഒ.ആർ 12/20 എംഎഫ്എസ് കേസായി രജിസ്റ്റർ ചെയ്തു.
പ്രതികളെകുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുബൈർ പറഞ്ഞു.കഴിഞ്ഞ മെയ് 25ന് മേലേതുടുക്കി ചരക്കോൽ മലഭാഗത്ത് കല്ലന്നക്കടവിൽ കൃഷി ചെയ്തിരുന്ന 305 കഞ്ചാവ് ചെടികൾ വനപാലകർ നശിപ്പിച്ചിരുന്നു.
ഈ കേസിലെ നാലു പ്രതികളെയും അന്ന് പിടികൂടിയിരുന്നു. ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ച് ഓഫീസർ പിആർ വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ മുക്കാലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ പാഞ്ചൻ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ പി പ്രജിത,എം അബ്ദുൽ സാദിഖ്,എ മാരിയപ്പൻ,ട്രൈബൽ വാച്ചർമാരായ ആർ കവിത, ആർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
കഞ്ചാവ് നശിപ്പിക്കുന്നു: പ്രതികളെ കിട്ടാനില്ല
അഗളി: അട്ടപ്പാടി മലനിരകളിൽ നടത്തുന്ന കഞ്ചാവുകൃഷികളിൽ പ്രതികളെ പിടികൂടാനാവാതെ വനംവകുപ്പു ഉദ്യോഗസ്ഥർ വലയുന്നു. ചെങ്കുത്തായ മലനിരകളും ദുർഘട പാതകളും കടന്നെത്തുന്ന വനപാലകർക്ക് കഞ്ചാവ്കൃഷിക്കാരെ കണ്ടെത്താനാവുന്നില്ലെന്നതാണ് വസ്തുത.
ശത്രുക്കളുടെ സാന്നിധ്യം മുൻകൂട്ടിയറിയാനുള്ള സാഹചര്യമൊരുക്കിയാവും കഞ്ചാവ് കൃഷിക്കാരുടെ നിൽപ്.ഫോറസ്റ്റ്കാർ എത്തുന്നത് വിദൂരത്തു നിന്നു തന്നെ ഇവർക്ക് വീക്ഷിക്കാനാകും. വനപാലകർ തോട്ടത്തിലെത്തുന്പോഴേക്കും പ്രതികൾ വിദഗ്ധമായി രക്ഷപ്പെട്ടിരിക്കും.അധികം പേരും തോട്ടങ്ങളിൽ തങ്ങാറില്ല.
യഥാസമയങ്ങളിലെത്തി തോട്ടം പരിപാലിച്ചു മടങ്ങുകയാണ് ചെയ്യുക. മണ്ണാർക്കാട് ഡിവിഷനിലെ അട്ടപ്പാടി റേഞ്ചിൽ മുക്കാലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ 8077.14 ഹെക്ടർ റിസർവ് വനവും 528.36 ഹെക്ടർ വെസ്റ്റേർഡ് ഫോറസ്റ്റുമാണുള്ളത്.
ചെങ്കുത്തായ മലനിരകളും അപകടകരമായ പാറക്കെട്ടുകളും മറികടന്നുവേണം കഞ്ചാവ് തോട്ടങ്ങളിലെത്താൻ.എത്ര പരിശോധന നടത്തിയാലും അത്ര പെട്ടെന്നൊന്നും കണ്ടെത്താൻ സാധിക്കാത്ത സ്ഥലങ്ങളിലാണ് കഞ്ചാവ് കൃഷി.
10 മുതൽ 72 തടങ്ങൾ വരെ എടുത്ത് മണ്ണിളക്കി ജലസേചനം ചെയ്താണ് കഞ്ചാവ് കൃഷി നടത്തുക. കഴിഞ്ഞ 2 വർഷങ്ങൾക്കിടെ നടത്തിയ കഞ്ചാവ് റെയ്ഡിൽ 1957ഓളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മെയിൽ കഞ്ചാവുകേസിലെ നാലു പ്രതികളെ അറസ്റ്റ് ചെയ്തിരിന്നു. വനാന്തർ ഭാഗത്തുള്ള കൃഷിയായതുകൊണ്ട് പ്രതികളെകുറിച്ച് വ്യക്തമായ വിവരവും ലഭ്യമാകുന്നില്ല.പ്രതികളെ പിടികൂടാൻ കഴിയാതെ വരുന്നതിന്റെ മുഖ്യകാരണം ഇതൊക്കെത്തന്നെയാണന്ന് അട്ടപ്പാടി ഫോറെസ്റ്റ് റെയ്ഞ്ച് ഓഫീസർ പറഞ്ഞു.