കോട്ടയം: മധ്യ കേരളത്തിലെ തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുന്ന കൊച്ചിയിലെ അങ്കിളുമാരുമായും തട്ടിപ്പ് സംഘത്തിലെ കൊല്ലം സുന്ദരിയുമായും അടുത്ത ബന്ധമുള്ള പുതുപ്പള്ളിയിലെ പ്രാദേശിക രാഷ്്ട്രീയ നേതാവിനെ പോലീസ് കണ്ടെത്തി.
പുതുപ്പള്ളിയിൽ നടക്കുന്ന വിവിധ പരിപാടികളിൽ സ്ഥിരം സാന്നിധ്യമാണ് ഈ ഛോട്ടാ നേതാവ്. കൊച്ചിയിലുള്ള അങ്കിളുമാരുമായും കൊല്ലം സ്വദേശിനിയായ മീനു, നീനു എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹോം നഴ്സായി ജോലി ചെയ്യുന്ന തട്ടിപ്പുകാരിയുമായും ഈ നേതാവിന് അടുത്ത ബന്ധമുണ്ട്.
മിക്കപ്പോഴും ഇവർ തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പലപ്പോഴും നേരിട്ടു കണ്ടിരുന്നതായും പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്.
ഇതോടെ ഛോട്ടാ നേതാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കൊല്ലം സ്വദേശിനിക്കു പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാനും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയാനും ഇയാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ഇതിനു പുറമേ അങ്കിളുമാരുമായും ഛോട്ടാ നേതാവുമായുള്ള ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. എത്രകാലമായി ഇവർ തമ്മിലുള്ള അടുപ്പം തുടങ്ങിയിട്ട്, അങ്കിളുമാർ കൊച്ചിയിൽ നിന്നും കോട്ടയത്ത് എത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്.
ഛോട്ടാ നേതാവിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയത്ത് വ്യാപാരിക്കു പുറമേം മണർകാട്ടെ ചീട്ടുകളി കേന്ദ്രത്തിൽ എത്തിയിരുന്ന ചിലരെക്കൂടി ഹണിട്രാപ്പിൽപ്പെടുത്താൻ സംഘം പദ്ധതി തയാറാക്കിയിരുന്നു.
പണം നഷ്ടപ്പെടുന്ന വ്യാപാരി മാനഹാനി ഭയന്ന് വിവരങ്ങൾ പുറത്തു പറയില്ലെന്നാണ് തട്ടിപ്പ് സംഘം കരുതിയിരുന്നത്. എന്നാൽ വ്യാപാരി ഹണിട്രാപ്പിൽപ്പെട്ട് പണം നഷ്്ടപ്പെട്ട കാര്യം പോലീസിൽ അറിയിച്ചതോടെ ഇവരുടെ പദ്ധതി പൊളിഞ്ഞു.
ഇതോടെ സംഘത്തിൽപ്പെട്ടവർ മറ്റു ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും മുങ്ങുകയായിരുന്നുവെന്നും പോലീസ് പറയുന്നു. കോട്ടയത്ത് നടന്ന ഹണിട്രാപ്പ് ആസൂത്രണം ചെയ്തതിനു പിന്നിൽ അങ്കിളുമാരാണെന്ന് പോലീസ് സംശയം ബലപ്പെട്ടിട്ടുണ്ട്.
കോട്ടയം ജില്ലയിൽ ഇവരുമായി ബന്ധമുള്ള മറ്റു ചിലരെക്കുറിച്ചും ചില ഗുണ്ടാ ബ്ലേഡ് മാഫിയ സംഘങ്ങളെക്കുറിച്ചും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
തട്ടിപ്പ് സംഘം വിവിധ സ്ഥലങ്ങളിലേക്കു സഞ്ചരിച്ചിരുന്നതു വ്യത്യസ്തമായ കാറുകളിലായിരുന്നു. ഇവർക്ക് കാറുകൾ എത്തിച്ചു നല്കിയിരുന്നതു ചില സംഘങ്ങളാണ്. വാടകയ്ക്കു എടുക്കുന്ന വാഹനങ്ങളിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്.
ഇവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അങ്കിളുമാരുമായി അടുത്ത ബന്ധമുള്ള കോട്ടയത്ത് തട്ടിപ്പ് നടത്തിയിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതി കറങ്ങിയിരുന്നതു അങ്കിളുമാരുടെ കാറിലായിരുന്നുവെന്നും പോലീസ് മുന്പ് കണ്ടെത്തിയിരുന്നു.
കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്ന ചില ലഹരി മാഫിയ സംഘങ്ങൾക്കും അങ്കിളുമാരുടെ സഹായം ലഭിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
പക്ഷേ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഏതാനും നാളുകളായി കൊച്ചിയിലെത്തുന്ന കഞ്ചാവും മയക്കുമരുന്നും ഉൾപ്പെടയുള്ള ലഹരി പദാർഥങ്ങൾ അതീവ രഹസ്യമായി കോട്ടയത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. യുവാക്കളുടെ സംഘം ആഡംബര വാഹനങ്ങളിലാണ് ഇവ കോട്ടയത്ത് എത്തിക്കുന്നത്.
നാളുകൾക്കു മുന്പ് ഇത്തരത്തിൽ എത്തിച്ചിരുന്ന ചില സംഘങ്ങളെ കടുത്തുരുത്തി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലീസും എക്സൈസും പിടികൂടുകയും ചെയ്തിരുന്നു.
വൻ തോതിൽ എത്തിക്കുന്ന മയക്കുമരുന്നുകൾ കോട്ടയത്ത് സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചു സ്റ്റോക്ക് ചെയ്തശേഷമാണ് വില്പനയ്ക്കായി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഇത്തരം പ്രവൃത്തികൾക്കു ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങളുടെ കാവലുമുണ്ട്.
ഇവയ്ക്കെല്ലാം സഹായം നല്കുന്നതു മധ്യകേരളത്തിലെ തട്ടിപ്പ് സംഘത്തിൽപ്പെട്ടവരാണെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്ലെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്.