കോഴിക്കോട്: വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയിരുന്നതായി സിബിഐയുടെ നിയമ വിദഗ്ധര്‍. 483/2017 വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചതാണ്.
എല്ലാ വിദേശസംഭാവനാ നിയന്ത്രണ ചട്ട ലംഘനവും സിബിഐക്കു അന്വേഷിക്കാമെന്നാണ് വിജ്ഞാപനം. അഴിമതി നിരോധന പ്രകാരമുള്ള കുറ്റമോ, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റമോ, രാജ്യദ്രോഹ കുറ്റമോ ഉണ്ടായാല്‍ അത് അന്വേഷിക്കാനുള്ള സമ്മതം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു നല്‍കിയിട്ടുണ്ട്.
വിദേശ സഹായ നിയമം 43-ാം വകുപ്പ് പ്രകാരം അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. ഈ വിജ്ഞാപന പ്രകാരം ഒരു കോടി രൂപയില്‍ താഴെയുള്ളത് സംസ്ഥാന സര്‍ക്കാരിനും അതിനു മുകളിലുള്ളതു സിബിഐക്കും അന്വേഷിക്കാം.
അതേസമയം, ലൈഫ് ക്രമക്കേടില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. ലൈഫ് മിഷന് ഇടപാടില്‍ അഴിമതിയുണ്ടെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനാലാണ് സംസ്ഥാന സര്‍ക്കാരിന്റെ വിജിലിന്‍സ് അന്വേഷിക്കുന്നത്.
വിദേശ സഹായം വഴി ലഭിച്ച പണം എന്തിനു വേണ്ടിയാണോ ഉപയോഗിക്കപ്പെടേണ്ടത് അതിന് ഉപയോഗിക്കാതെ അത് അന്യായമായി മറ്റു കൈകളില്‍ കൊടുത്തു.
അഴിമതി നിരോധന പ്രകാരം കുറ്റമായതുകൊണ്ടാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ ലൈഫ് മിഷനില്‍ അഴിമതിയുണ്ടെന്നും കുറ്റകൃത്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സമ്മതിക്കുന്നുവെന്നാണ് അര്‍ഥമെന്നും നിയമ വിദഗ്ധര്‍ പറയുന്നു.