രക്തബന്ധങ്ങളെക്കാള്‍ വലിയ സ്നേഹബന്ധങ്ങളുണ്ടെന്ന് പറയാറുണ്ട്. അത് മനുഷ്യനോട് മാത്രമല്ല മൃഗങ്ങളോടും ഉണ്ടാവാം. 2009ല്‍ ആണ് ബ്രാന്റലി ഹാരിസണും കുടുംബവും മൂങ്ങയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ജീവനു വേണ്ടി പിടയുന്ന അണ്ണാന് കുഞ്ഞിനെ വീടിന്റെ പരിസരത്തു നിന്നും കണ്ടെത്തിയത്.
അവര്‍ ആ അണ്ണാന് കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്തു. അവരോട് വളരെപ്പെട്ടെന്ന് ഇണങ്ങിയ ആ അണ്ണാന് കുഞ്ഞിന് അവര്‍ ബെല്ല എന്ന് പേരുനല്കി അന്ന് ജീവന് രക്ഷിച്ചപ്പോള്‍ ഹാരിസണും കുടുംബവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത് എന്നും നിലനില്‍ക്കുന്ന ഒരു ഊഷ്മളമായ സ്നേഹബന്ധമായി വളരുമെന്ന്.
ബെല്ലയുടെ പരിക്കുകള്‍ ഭേദമായപ്പോള്‍ അവളെ കാട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു ഹാരിസണും കുടുംബവും ചെയ്തത്. ഇനി വീണ്ടും ബെല്ലയെ ഒരിക്കല്‍ കൂടി കാണാന്‍ ആകുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല.
എന്നാല്‍ വളര്‍ന്നു വലുതായെങ്കിലും ബെല്ല അവരെ മറന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ബെല്ല വീണ്ടും ഹാരിസണിനെയും കുടുംബത്തെയും തേടി അവരുടെ വീട്ടില്‍ എത്തി.
ജനാല ചില്ലുകളിലും വാതിലിലും മുട്ടുന്ന ശബ്ദം ദിവസേന പതിവായി തുടര്‍ന്ന് ശ്രദ്ധിച്ചപ്പോളാണ് വാതിലില്‍ മുട്ടുന്നത് അണ്ണാന് ആണെന്നും അത് ഞങ്ങളുടെ പഴയ ബെല്ല ആണെന്നുമുള്ള സംശയം അവരില്‍ ഉണ്ടായതും.
അങ്ങനെ അവര്‍ വാതില്‍ തുറന്ന് കൈ കാണിച്ചപ്പോള്‍ ബെല്ല ഹാരിസണിന്റെ കൈകളിലേക്ക് പ്രയാസപ്പെട്ട് കയറി അപ്പോഴാണ് എന്തൊക്കെയോ ബെല്ല പറയാന്‍ ശ്രമിക്കുന്നതായി ഹാരിസണിന് തോന്നിയത് നോക്കിയപ്പോള്‍ ബെല്ലയുടെ കാലില്‍ ഒരു മുറിവുണ്ടായിരുന്നു.
അതോടെ കാര്യം മനസിലായ ഹാരിസണ്‍ ബെല്ലയുടെ കാലില്‍ മരുന്ന് വയ്ക്കുകയും സുരക്ഷിതമായി കിടക്കാന്‍ തുണി നിറഞ്ഞ ഒരു ബോക്സ് നല്‍കുകയും ചെയ്തു. അപ്പോഴും എന്തൊക്കെയോ ഹാരിസണിനോടും കുടുംബത്തോടും ബെല്ല പറയാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
പിറ്റേ ദിവസം ബെല്ലയെ കാണാനെത്തിയ കുടുംബം കാണുന്നത് മൂന്ന് കുഞ്ഞ് അണ്ണാന് കുഞ്ഞുങ്ങളെ ആയിരുന്നു. അതെ ഇതായിരുന്നു ബെല്ല ഞങ്ങളോട് പറയാന്‍ ശ്രമിച്ച കാര്യം എന്നത് അപ്പോഴാണ് കുടുംബം തിരിച്ചറിയുന്നത്.
തനിക്ക് സ്നേഹവും സംരക്ഷണവും ലഭിക്കും എന്നുള്ള പ്രതീക്ഷയും ഉറപ്പുമാണ് ബെല്ലയെ വീണ്ടും ഹാരിസണിന്റെ അടുത്തേക്ക് എത്തിച്ചത്.