കോട്ടയം: കോട്ടയത്ത് ഹണിട്രാപ്പ് ആസൂത്രണം ചെയ്ത ഗുണ്ടാതലനവുമായി പോലീസുകാർക്കും ബന്ധമോ ?ഹണിട്രാപ്പ് കേസിൽ ആറു പേർ പിടിയിലായെങ്കിലും കോട്ടയത്ത് കുപ്രസിദ്ധ ഗുണ്ടയെ കൂടി പിടികൂടാനുണ്ട്.
ഇയാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ രണ്ടു എഎസ്ഐമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ തന്നെ മേലുകാവ്, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.
ആരോപണ വിധയരായവരിൽ ഒരാൾ വിശിഷ്്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നിരവധി സർവീസ് മെഡലുകളും നേടിയിട്ടുള്ളയാളാണ്.
ഹണിട്രാപ്പ് കേസ് നിരവധി ഉദ്യോഗസ്ഥർ അടങ്ങുന്ന വലിയ സംഘമാണ് അന്വേഷിച്ചത്. വിവിധ ജില്ലകളിലുള്ളവർ ഹണിട്രാപ്പ് കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചതോടെ ജില്ലാ പോലീസ് ചീഫിന്റെ കീഴിലുള്ള സ്ക്വാഡ് കൂടി കേസ് അന്വേഷിക്കുകയായിരുന്നു.
ഇവർ നടത്തിയ അന്വേഷണത്തിലാണ് രണ്ട് എഎസ്ഐമാർ സംഭവത്തിൽ ഉൾപ്പെട്ട ഗുണ്ടയുമായി നിരന്തരം ബന്ധപ്പെട്ടിട്ടുള്ളതിന്റെ തെളിവുകൾ ലഭിച്ചത്.
അതേസമയം ഹണിട്രാപ്പ് കേസ് രമ്യമായി പരിഹരിക്കുന്നതിനു വേണ്ടിയാണ് ഈ എഎസ്ഐമാർ സംഭവത്തിൽ ഇടപെട്ട് ഗുണ്ടയുമായി ബന്ധപ്പെട്ടതെന്നും പറയുന്നുണ്ട്.
വ്യാപാരിയിൽ നിന്നും ഗുണ്ടാ സംഘം വാങ്ങിയെടുത്ത തുക തിരികെ വാങ്ങി നല്‍കാനായിരുന്നു എഎസ്ഐമാരുടെ ശ്രമം. വ്യാപാരിയുടെ അഭ്യർഥന മാനിച്ചായിരുന്നു ഇവർ ഗുണ്ടയുമായി ബന്ധപ്പെട്ടതെന്നും സൂചനയുണ്ട്.