കാട്ടാക്കട: നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽനിന്നും ചാടിപ്പോയ കടുവയെ പിടികൂടാൻ രാത്രി മുഴുവൻ പകലാക്കിയ തദ്ദേശവാസികൾക്ക് പറയാൻ ഭീതികളുടെ വാക്കുകളേയുള്ളൂ.
1984ൽ നെയ്യാർ ഡാമിലെ മരകുന്നം എന്ന തുരുത്തിൽ ആരംഭിച്ച സിംഹ സഫാരി പാർക്കിന്റെ നിലവിലെ ശോച്യാവസ്ഥയാണ് നാട്ടുകാരിൽ ഭീതി ജനിപ്പിക്കുന്നത്.
അറ്റകുറ്റപ്പണികൾ നടക്കുന്നത് പേരിന് മാത്രം.നെയ്യാർ സഫാരി പാർക്കിൽ ഇപ്പോൾ രണ്ടു സിംഹങ്ങൾ മാത്രം. അതിനാൽ തന്നെ നവീകരണത്തിന് വലിയ ഫണ്ടും കിട്ടാറില്ല.
സിംഹങ്ങളെ പാർപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ കൂടുകളാണ് ഇപ്പോൾ സംസ്ഥാനത്ത് എവിടെനിന്നും പിടികൂടുന്ന കടുവ, പുലി എന്നിവർക്ക് സംരക്ഷണ കവചമൊരുക്കുന്നത്. കൂടുകളുടെ ശോച്യാവസ്ഥ പരിതാപകരമാണ്. ഈ സ്ഥിതിയാണ് കടുവ കൂടുപൊളിച്ച് പുറത്തുചാടാൻ കാരണമായത്.
വയനാട് ജില്ലയിലെ കുറിച്യാട് കേന്ദ്രത്തിൽ പുറം നാട്ടിലിറങ്ങുന്ന കടുവകളെ പാർപ്പിക്കാൻ പ്രത്യേക കേന്ദം ഒരുങ്ങുന്നുണ്ട്. ഇന്നലെ മയക്കുവെടിവെച്ച് കൂട്ടിലാക്കിയ കടുവയെ ഇവിടെ എത്തിക്കാനാണ് നീക്കം . ഒരു പക്ഷേ തലസ്ഥാനത്തെ മൃഗശാലയിലേക്കും മാറ്റിയേക്കും.
ശനിയാഴ്ച കടുവ ഡാമിലിറങ്ങി നീന്തി പോകുന്നത് കണ്ടെന്ന് അഭ്യൂഹം കൂടെ പരന്നതോടെ ശരിക്കും ഉറക്കം കെട്ടനിലയിലായി തങ്ങളെന്ന് സമീപവാസിയായ രാജൻ പറഞ്ഞു.
ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചു മുകളിൽ കയറിയായിരുന്നു കടുവ രക്ഷപ്പെട്ടത്. കടുവ രക്ഷപ്പെട്ട സംഭവം വിശദമായി പരിശോധിക്കും എന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
ഒടുവിൽ കടുവ അകത്ത്, ആ കഥ ഇങ്ങനെ…
കാട്ടാക്കട : കൂട്ടിൽനിന്ന് രക്ഷപ്പെട്ട കടുവയെ ഇന്നലെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടച്ചുവെങ്കിലും വനപാലകരുടെ സംഘം കടുവയെ നിരീക്ഷിച്ച് കാവൽ നിൽപ്പുണ്ട്. കൂടുപൊളിച്ച് പുറത്തു ചാടിയ സംഭവം ഇനി ആവർത്തിക്കരുതെന്ന് വനം വകുപ്പ് കരുതുന്നു.
ഇന്നലെ രാവിലെ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലെ വിദഗ്ധ സംഘം വയനാട്ടിൽ നിന്ന് നെയ്യാറിലെത്തിയിരുന്നു. തുടർന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയലോചന നടത്തി.
ശനിയാഴ്ച രാത്രി ഒരു ആടിനെ നിറുത്തിയിരുന്നുവെങ്കിലും കടുവ അത് ഭക്ഷിക്കാൻ എത്തിയിരുന്നില്ല. പാർക്കിൽ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. കടുവയെ കണ്ടതായി സ്ഥീരീകരണം. കടുവയുടെ നില മോശമാണെന്നും റിപ്പോർട്ട് കിട്ടി.
ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലെ വിദഗ്ധ സംഘം സഫാരി പാർക്കിലേക്ക് തിരിച്ചു.
കാട്ടിനകത്ത് ശ്രദ്ധയോടെ നീങ്ങിയെങ്കിലും കടുവ സ്ഥലം മാറി കിടന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് കടുവയെ മയക്കുവെടിവച്ച് പിടികൂടിയത്. കടുവയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചായിരുന്നു ഈ നീക്കം.
മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടർമാരും ചേർന്ന് കൂട്ടിലേക്ക് മാറ്റുകയും ചെയ്തു. വയനാട് ചിതലത്ത് റേഞ്ചിലെ ആദിവാസി മേഖലകളെ ഭീതിയിലാഴ്ത്തിയ പത്തു വയസ് പ്രായമുള്ള പെൺകടുവ വനം വകുപ്പിന്റെ കെണിയിൽപ്പെട്ടത് മൂന്ന് ദിവസം മുൻപാണ്.
പത്തിലധികം ആടുകളെ കൊന്നു തിന്നിരുന്നു. നെയ്യാർ സിംഹ സഫാരി പാർക്കിലെ കൂട്ടിൽ പാർപ്പിച്ച് നിരീക്ഷിച്ച ശേഷം വയനാട്ടിലേക്ക് കൊണ്ടുപോകുമെന്നാണു വിവരം. ഡി.എഫ്.ഒ. ജെ.ആർ. അനി, നെയ്യാർ അസി. വൈൽഡ് ലൈഫ് വാർഡൻ ജി.സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വലിയ സംഘം വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു.